യു എ ഇയിലെ നാഷണൽ സ്റ്റെറിലൈസേഷൻ പ്രോഗ്രാം പൂർത്തിയായതോടെ, എമിറേറ്റിലെ പ്രവർത്തനാനുമതി നൽകിയിട്ടുള്ള എല്ലാ വാണിജ്യ മേഖലകളിലെയും സ്ഥപനങ്ങൾക്ക്, തങ്ങളുടെ പ്രവർത്തിസമയം, COVID-19 സാഹചര്യത്തിന് മുൻപ് ഉണ്ടായിരുന്ന സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ അനുവാദം നൽകിയതായി ദുബായ് ഇക്കോണമി അറിയിച്ചു. പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ ആരോഗ്യ സുരക്ഷ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ വിട്ടുവീഴ്ചകൾ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി.
സമൂഹ അകലം ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങളും, അടയാളങ്ങളും എല്ലാ സ്ഥാപനങ്ങളിലും പതിക്കേണ്ടതാണ്. മാസ്കുകൾ, കയ്യുറകൾ, സാനിറ്റൈസറുകൾ മുതലായവ വാണിജ്യ മേഖലകളിൽ ഉടനീളം നിർബന്ധമാക്കിയിട്ടുണ്ട്. തൊഴിലിടങ്ങളിലെല്ലാം, ജീവനക്കാരുടെ ശരീരോഷ്മാവ് രേഖപ്പെടുത്താനുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.
ഓരോ വാണിജ്യ മേഖലയിലും അധികൃതർ മുൻപ് നൽകിയ പ്രതിരോധ നിർദ്ദേശങ്ങളും, ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കാൻ എമിറേറ്റിലെ സ്ഥാപനങ്ങളോട് ദുബായ് ഇക്കോണമി ആഹ്വാനം ചെയ്തു. ആളുകൾ കൂട്ടം ചേരുന്നത് ഒഴിവാക്കുക, പണമിടപാടുകൾ കഴിയുന്നതും ഡിജിറ്റൽ മാർഗങ്ങളിലൂടെ നടപ്പിലാക്കുക മുതലായ സുരക്ഷാ നിർദ്ദേശങ്ങൾ തുടരണമെന്നും ദുബായ് ഇക്കോണമി ആവശ്യപ്പെട്ടു.
ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. COVID-19 പ്രതിരോധ മാനദണ്ഡങ്ങളിലെ വീഴ്ച്ചകൾ, ഉപഭോക്താക്കൾക്ക് നേരിട്ട് ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ, 600545555 എന്ന നമ്പറിലൂടെയോ, consumerrights.ae എന്ന വെബ്സൈറ്റിലൂടെയോ അധികൃതരെ അറിയിക്കാവുന്നതാണ്.