അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ

GCC News

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് അബുദാബി എൻവിറോണ്മെന്റ് ഏജൻസി ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ഇന്ന് (2022 ജൂൺ 1, ബുധനാഴ്ച) മുതൽ എമിറേറ്റിൽ പ്രാബല്യത്തിൽ വന്നു. ഇതോടെ ജൂൺ 1 മുതൽ അബുദാബിയിലെ വ്യാപാരസ്ഥാപനങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കുന്നതാണ്.

അബുദാബിയിൽ സുസ്ഥിര ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പടിപടിയായി ഒഴിവാക്കുന്ന നയത്തിന്റെ ഭാഗമായാണ് ഇത്തരം ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ തീരുമാനം നടപ്പിലാകുന്നതോടെ അബുദാബിയിലെ ചില്ലറ വില്പനശാലകളിൽ ഉപഭോക്താക്കൾക്കായി പരിസ്ഥിതി സൗഹൃദ ബാഗുകൾ ലഭ്യമാക്കുന്നതാണ്.

ഉപഭോക്താക്കൾക്ക് ചില്ലറ വില്പനശാലകളിൽ നിന്ന് ചെറിയ ഒരു തുക നൽകിക്കൊണ്ട് ഇത്തരം ബാഗുകൾ വാങ്ങാവുന്നതോ, അല്ലെങ്കിൽ ഷോപ്പിംഗ് വേളയിൽ തങ്ങളുടെ കൈവശം ഇത്തരം പരിസ്ഥിതി സൗഹൃദ ബാഗുകൾ കരുതാവുന്നതോ ആണ്. ഇത്തരം ബാഗുകൾക്ക് ചില്ലറ വില്പനശാലകളിൽ 25 മുതൽ 75 ഫിൽ‌സ് വരെ ഈടാക്കുമെന്നാണ് ലഭിക്കുന്ന സൂചന.

അബുദാബി ക്വാളിറ്റി ആൻഡ് കൺഫോർമിറ്റി കൗൺസിൽ അംഗീകരിച്ച സാങ്കേതിക മാനദണ്ഡങ്ങൾക്കനുസൃതമായി ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകൾക്ക് ഏർപ്പെടുത്തുന്ന ഈ നിരോധനം നടപ്പാക്കുന്നത് ഇൻസ്പെക്ടർമാർ നിരീക്ഷിക്കുന്നതാണ്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2022 ജൂൺ 1 മുതൽ എമിറേറ്റിൽ നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി 2022 ഏപ്രിൽ 6-ന് അറിയിച്ചിരുന്നു.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കുന്ന സാഹചര്യത്തിൽ ഇത് ബാധകമാകുന്ന ഉത്പന്നങ്ങൾ വ്യക്തമാക്കിക്കൊണ്ട് അബുദാബി മീഡിയ ഓഫീസ് പിന്നീട് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിരുന്നു.

ഫാർമസികളിലെ മരുന്നുകൾക്കായി നിശ്ചയിച്ചിട്ടുള്ള ബാഗുകൾ, പച്ചക്കറികൾക്കുള്ള ബാഗ് റോളുകൾ, മാംസം, മത്സ്യം, ചിക്കൻ, ധാന്യങ്ങൾ, റൊട്ടി എന്നിവ പൊതിയുന്നതിനുള്ള ബാഗുകൾ തുടങ്ങിയവ ഈ നിരോധന തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫാഷൻ അല്ലെങ്കിൽ ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ, കളിപ്പാട്ടങ്ങൾ, വ്യത്യസ്ത വലുപ്പത്തിലും തരത്തിലുമുള്ള മാലിന്യ ബാഗുകൾ, സന്ദേശങ്ങൾ സൂക്ഷിക്കാൻ നിയുക്തമാക്കിയ ബാഗുകൾ, തപാൽ പാഴ്സലുകൾ അല്ലെങ്കിൽ മാസികകൾ, പത്രങ്ങൾ എന്നിവയ്ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ബാഗുകൾ, ചെടികൾ, പൂക്കൾ, അലക്കു ബാഗുകൾ എന്നിവയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.