എമിറേറ്റിലെ റോഡുകളിൽ അപകടകരമായും, അശ്രദ്ധമായും വാഹനങ്ങൾ ഓടിക്കുന്നവർക്ക് കനത്ത പിഴ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷയ്ക്ക് വിലകല്പിക്കാതെ മറ്റുള്ളവരുടെ ജീവനും, സ്വത്തിനും ഭീഷണിയാകുന്ന രീതിയിലും, പൊതു ജനങ്ങൾക്ക് ഉപയോഗിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും മറ്റും കേടുപാടുകൾ വരുത്തുന്ന രീതിയിലും വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് 50000 ദിർഹത്തോളം പിഴ ചുമത്തപ്പെടാമെന്നും പോലീസ് വ്യക്തമാക്കി.
റോഡപകടങ്ങൾക്കിടയാക്കുന്ന രീതിയിലുള്ള ഡ്രൈവിംഗ് ശീലങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി അബുദാബി പോലീസ് ഒരു വീഡിയോ ദൃശ്യം പങ്ക് വെച്ചിട്ടുണ്ട്. പൊതുറോഡുകളിൽ അപകടകരമായ വിധത്തിൽ വാഹനങ്ങൾ ഉപയോഗിക്കുന്നതിന്റെയും, വാഹനങ്ങൾ ഉപയോഗിച്ച് കൊണ്ട് അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിന്റെയും അൽ ഐനിൽ നിന്നുള്ള ദൃശ്യങ്ങളാണ് പോലീസ് പങ്ക് വെച്ചത്.
ഈ വിഡിയോയിൽ കാണുന്ന വാഹനങ്ങൾ ഉപയോഗിച്ച മൂന്ന് പേരെ അൽ ഐനിൽ അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കി. ഇത്തരം തെറ്റായ ഡ്രൈവിംഗ് രീതികൾ എമിറേറ്റിൽ വലിയ ശിക്ഷകൾ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പോലീസ് പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.
റോഡ് നിയമങ്ങൾ കാറ്റിൽ പറത്തി കൊണ്ട് അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളുമെന്നും പോലീസ് വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ 60 ദിവസത്തേക്ക് പിടിച്ചെടുക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. അപകടകരമായ വിധത്തിൽ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് 2000 ദിർഹം പിഴയും, 23 ബ്ലാക്ക് പോയിന്റും ചുമത്തുന്നതാണ്. പിടിച്ചെടുക്കപ്പെട്ട വാഹനങ്ങൾ വിട്ടുകിട്ടുന്നതിനായി 50000 ദിർഹം ഈടാക്കുന്നതാണ്.