2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കമായി. ദുബായിലെ എക്സ്പോ സിറ്റിയിൽ വെച്ച് നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടി 2023 നവംബർ 30-നാണ് ആരംഭിച്ചത്.
2023 നവംബർ 30 മുതൽ ഡിസംബർ 12 വരെയാണ് ഈ സമ്മേളനം. യു എ ഇയിൽ വെച്ച് നടക്കുന്ന ഏറ്റവും വലിയ കാലാവസ്ഥാ സമ്മേളനമാണ് COP28.
ഔദ്യോഗിക ചർച്ചകൾക്കും ഉന്നതതല യോഗങ്ങൾക്കും വേദിയാക്കുന്ന ബ്ലൂ സോണിലും,പൊതുജനങ്ങളുമായി ഇടപഴകാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ഗ്രീൻ സോണിലുമായി പങ്കെടുക്കുന്നതിനുള്ള റെക്കോർഡ് അഭ്യർത്ഥനകളാണ് ഉച്ചകോടിയുടെ ഈ പതിപ്പിൽ വന്നിരിക്കുന്നത്. നിലവിൽ 97,000-ത്തിലധികം ആളുകൾ ബ്ലൂ സോണിലും 400,000-ത്തിലധികം ആളുകൾ ഗ്രീൻ സോണിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നതിനാൽ 500,000 പേർ ഉച്ചകോടിയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിൽ ലോക രാജ്യങ്ങളിലെ മന്ത്രിമാർ, സർക്കാരിതര സംഘടനകളുടെ (NGO) പ്രതിനിധികൾ, സ്വകാര്യ മേഖല, തദ്ദേശവാസികൾ, യുവാക്കൾ എന്നിവർ ഉൾപ്പടുന്നു. ആഗോള കാലാവസ്ഥ പ്രവർത്തനത്തെ പുനർരൂപകൽപ്പന ചെയ്യുന്നത് ലക്ഷ്യമിട്ടാണ് ഇവർ ഒത്തുചേരുന്നത്.
ലോകമെമ്പാടുമുള്ള 180-ലധികം രാഷ്ട്രത്തലവന്മാരും സർക്കാരുകളും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഏറ്റവും ഉയർന്ന കാലാവസ്ഥ അഭിലാഷങ്ങൾ കൈവരിക്കുന്നതിനുള്ള ലോക രാജ്യങ്ങളുടെ ശ്രമങ്ങളെ ഒരു കുട കീഴിൽ കൊണ്ടുവരാനുള്ള അവസരമാണ് COP28. ആഗോള കാലാവസ്ഥാ പ്രവർത്തനം കൂടുതൽ അടിയന്തിരവും ആവശ്യമുള്ളതുമായ ഒരു സമയത്ത് ഇത് വളരെ പ്രധാനമാണ്.
COP21-ൽ സ്ഥാപിതമായ പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതിയുടെ ആദ്യ ആഗോള വിലയിരുത്തലിനെ ഈ സമ്മേളനം അടയാളപ്പെടുത്തുന്നു.
നമ്മളെല്ലാം ഒരേ ലോകത്തെ നിവാസികളാണെന്ന് സൂചിപ്പിക്കുന്ന ‘ഒരു ലോകം’ എന്ന ആശയത്തിലൂന്നിയാണ് COP28 കാലാവസ്ഥാ ഉച്ചകോടിയുടെ ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
WAM