COVID-19: കേരളത്തിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത് 19 പേർ

Kerala News

സംസ്ഥാനത്ത് കോവിഡ് 19 രോഗം ബാധിച്ച് നിലവിൽ 19 പേർ ചികിത്സയിലുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ രണ്ടുപേരുടെ രോഗബാധ വെള്ളിയാഴ്ച സ്ഥിരീകരിച്ചതാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 22 ആയി. ഇതിൽ മൂന്നുപേർക്ക് നേരത്തെ രോഗം ഭേദമായിരുന്നു.

യു.കെയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ വ്യക്തിക്കും വർക്കലയിൽ റിസോർട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇറ്റലി സ്വദേശിക്കുമാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമേ, കഴിഞ്ഞദിവസം അന്തിമസ്ഥിരീകരണ ഫലം കാത്തിരുന്ന തിരുവനന്തപുരം സ്വദേശിയ്ക്കും രോഗബാധയുണ്ടെന്ന് സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കോവിഡ് 19 അവലോകനയോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 5468 പേരാണ്. ഇതിൽ 277 പേർ ആശുപത്രിയിലും 5,191 പേർ വീട്ടിലുമാണുള്ളത്. ഇതിൽ 69 പേർ വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിച്ചവരാണ്. 1,715 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 1,132 പേർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്.

ആകെ 123 രാജ്യങ്ങളിൽ കോവിഡ് 19 ബാധ പടർന്നതായാണ് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുള്ളത്.

രോഗബാധ തടയുന്നതിൽ നാം കൂടുതൽ ജാഗ്രത കാണിക്കണം. സംസ്ഥാനത്ത് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമായി മുന്നേറുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങൾ ഇക്കാര്യത്തിൽ നല്ല മുൻകൈയെടുക്കുന്നുണ്ട്. അവിടങ്ങളിൽ യോഗം വിളിച്ച് പ്രതിരോധനടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.

ടൂറിസം മേഖലയിലെ ഹോംസ്റ്റേകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ കോവിഡ് ബാധിതരാജ്യങ്ങളിൽ നിന്നെത്തുന്ന സന്ദർശകരെ കണ്ടെത്തി പരിശോധിച്ച് രോഗം ഇല്ലെന്ന് ഉറപ്പാക്കുന്നുണ്ട്. സംശയമുള്ളവരെ താമസിക്കുന്ന സ്ഥലങ്ങളിലും രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലും നിരീക്ഷണത്തിലാക്കുന്നുണ്ട്.
സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ട്.

രാജ്യത്തെ ആദ്യ കോവിഡ് മരണം കർണാടകയിലെ കൽബുർഗിയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അവിടങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികൾ നാട്ടിലേക്ക് വരാൻ തയാറാകുന്നുണ്ട്. കർണാടകത്തിൽ നിന്ന് വരുന്നവർക്ക് പ്രശ്നമുണ്ടാകില്ല. അവർക്കും പരിശോധനാസംവിധാനമൊരുക്കി സ്വീകരിക്കും.
സംസ്ഥാനത്തെ വെല്ലുവിളികൾ അതിജീവിച്ചാണ് പ്രതിരോധ നടപടികൾ തുടരുന്നത്. ഉയർന്ന ജനസാന്ദ്രത, കേരളത്തിനു പുറത്തുള്ള വലിയ പ്രവാസി സമൂഹം തുടങ്ങിയവ കണക്കിലെടുക്കണം.

ആളുകളെ പ്രത്യേകം നിരീക്ഷണത്തിൽ പാർപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവലോകനയോഗത്തിൽ ചർച്ച ചെയ്തു. ഏതൊക്കെ രാജ്യങ്ങളിൽ നിന്ന് വരുന്നവരെ നിരീക്ഷണത്തിലാക്കണം എന്ന നിർദേശവും നൽകി. വിമാനങ്ങളിൽ വരുന്നവരിൽ ഒരാളെയും ഒഴിവാക്കാതെ പരിശോധിക്കും. ഇക്കാര്യം വിമാനത്താവള അധികൃതരുമായി ചർച്ച ചെയ്തു.

സംസ്ഥാനത്ത് പ്രതിരോധത്തിനൊപ്പം ശുചീകരണവും ഉറപ്പാക്കും. റെയിൽവേ സ്റ്റേഷനുകളിലെ അനൗൺസ്മെൻറുകൾക്കൊപ്പം ട്രെയിനുകളിലും ഇതിന് സംവിധാനമുണ്ടാകും. സംസ്ഥാനാതിർത്തി കടന്ന് വരുന്ന ട്രെയിനുകളിൽ പരിശോധനാ സംവിധാനമുണ്ടാക്കും. ഇതിന് പോലീസ് സഹായം ഉപയോഗപ്പെടുത്തും.

ആരോഗ്യപ്രവർത്തകർ അതിർത്തി പോയിൻറുകളിൽ പരിശോധനയ്ക്കുണ്ടാകും. മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ എൻട്രി പോയിൻറുകളിൽ പരിശോധനാ സംവിധാനമൊരുക്കും. പോലീസിന് പ്രധാന പങ്ക് വഹിക്കാനാകും. സാധ്യമായ പ്രാദേശിക സഹായവും പ്രാദേശിക ആരോഗ്യ പ്രവർത്തകരുടെ പങ്കാളിത്തവും ഉറപ്പാക്കും.

നിരീക്ഷണത്തിലുള്ളവർക്ക് നിശ്ചിതദിവസം കഴിഞ്ഞും രോഗ ലക്ഷണമില്ലെങ്കിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകും.

മറ്റു രാജ്യങ്ങളിൽ ജീവിക്കുന്ന സഹോദരങ്ങൾക്ക് നാട്ടിലേക്ക് വരാൻ ആവശ്യമായ എല്ലാ സഹായവും ചെയ്യും. അവർ രാജ്യത്തേക്ക് വരാൻ പാടില്ല എന്ന നിലപാട് എടുക്കരുത്. ഇറ്റലിയിൽ കുടുങ്ങിയ വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ നിരവധി ബന്ധപ്പെടലുകൾ നടത്തിയിരുന്നു. ഗുണഫലമായി കേന്ദ്രം പ്രത്യേകം വിമാനം അയക്കാൻ തീരുമാനിച്ചത് സ്വാഗതാർഹമാണ്.

കൃത്യമായ പ്രതിരോധപ്രവർത്തനം നടത്തിയാൽ രോഗം നമുക്ക് അതിജീവിക്കാനാകും. രോഗം സംബന്ധിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഭീതി പരത്താനല്ല. ഇത്തരം ഘട്ടത്തിൽ നിയന്ത്രണങ്ങൾ ഒഴിച്ചുകൂടാനാവാത്തതാണ്. അത് സമൂഹത്തിന്റെ ഭാവി കണക്കിലെടുത്താണ്. പരമാവധി ബോധവത്കരണത്തിലൂടെ രോഗപടർച്ച ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. രോഗബാധിതർ നിയന്ത്രണങ്ങളുടെ ഭാഗമാകുന്നുണ്ട്. കോട്ടയത്ത് പിതാവിനെക്കാണാനെത്തിയ യുവാവ് നിരീക്ഷണത്തിലായപ്പോൾ പിതാവ് മരിച്ചിട്ടും സാമൂഹ്യബോധത്തോടെ ഉത്തരവാദിത്തം നിറവേറ്റിയത് ഉദാഹരണമാണ്.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരായ നിയമനടപടി സംഭ്രമം സൃഷ്ടിക്കാനല്ല. തിരിച്ചറിവ് പകർന്ന് കൂട്ടായ്മ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാനിറ്റൈസർ ക്ഷാമം പരിഹരിക്കാൻ കേരള ഡ്രഗസ് ആൻറ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് 10 ദിവസത്തിനുള്ളിൽ ഒരുലക്ഷം ലിറ്റർ സാനിറ്റൈസർ ഉത്പാദിപ്പിക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. വാർത്താസമ്മേളനത്തിൽ മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചർ, എ.സി. മൊയ്തീൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സംബന്ധിച്ചു.