COVID-19: സ്‌കൂളുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ ദുബായ് മുൻസിപ്പാലിറ്റി വിലയിരുത്തി

Family & Lifestyle

നിലവിൽ അവധിയിലുള്ള യു എ ഇയിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ വിദ്യാലയങ്ങളിലും കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള തീവ്ര ശുചീകരണ പരിപാടികളും അണുനശീകരണ പ്രവർത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. രാജ്യത്തെ COVID-19 ബാധ തടയുന്നതിന്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളുടെയും ഏകോപനത്തോടെ നടക്കുന്ന ഈ പ്രവർത്തനത്തിൽ ദുബായിലെ 80 സ്വകാര്യ സ്‌കൂളുകളുടെ ശുചീകരണ പ്രവർത്തനത്തിൽ ദുബായ് മുൻസിപ്പാലിറ്റി അധികൃതർ പങ്കെടുത്ത് മേല്‍നോട്ടം വഹിച്ചു. യു എ ഇ ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളിൽ വൈദഗ്ദ്യമുള്ള സ്ഥാപനങ്ങളാണ് ഈ ശുചീകരണ നടപടികൾ നടപ്പിലാക്കുന്നത്.

നിലവിൽ ദുബായിലെ 208 സ്വകാര്യ വിദ്യാലയങ്ങളിൽ ഈ ശുചീകരണ നടപടികൾ നടന്നു വരുന്നുണ്ടെന്നും ഇതിലൂടെ മൂന്നുലക്ഷത്തോളം വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും, സ്‌കൂൾ ജീവനക്കാരുടെയും ആരോഗ്യ സുരക്ഷാ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ദുബായ് മുൻസിപ്പാലിറ്റി പൊതു ആരോഗ്യ സുരക്ഷാ വിഭാഗം തലവൻ ഡോ. നസീം മുഹമ്മദ് റാഫി അറിയിച്ചു. ശുചീകരണത്തിനും, അണുനശീകരണത്തിനുമായി ലോകനിലവാരത്തിലെ ഉപകരണങ്ങളും, പാർശ്വഫലങ്ങൾ ഇല്ലാത്ത വസ്തുക്കളുമാണ് ഉപയോഗിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.ഇതിന്റെ ഭാഗമായി സ്‌കൂളുകളുടെ അകത്തും പുറത്തും ഉള്ള എല്ലായിടങ്ങളും, സ്‌കൂൾ മുറികൾ, മേശകൾ, കസേരകൾ, സ്‌കൂളിലെ മറ്റു ഉപകരണങ്ങൾ, സ്‌കൂൾ ബസുകൾ മറ്റു വാഹനങ്ങൾ എന്നിവയും പൂർണ്ണമായും ശുചീകരിക്കുകയും അണുമുക്തമാകുകയും ചെയ്യുന്നതാണ്. മാരകമായ ബാക്ടീരിയകൾ , വൈറസുകൾ എന്നിവ വളരാനുള്ള എല്ലാ സാഹചര്യങ്ങളും സ്‌കൂളുകളിൽ ഈ പ്രവർത്തനത്തിന്റെ ഭാഗമായി ഒഴിവാക്കും.