COVID-19 വ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യമൊട്ടാകെ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മാർച്ച് 16-നു ചേർന്ന മന്ത്രിമാരുടെ പ്രത്യേക അവലോകന യോഗത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്. ഈ നിർദ്ദേശങ്ങൾ മാർച്ച് 31 വരെ നടപ്പിലാക്കാനാണ് തീരുമാനം.
- രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും, മ്യൂസിയം, ഹെൽത്ത് ക്ലബ്ബുകൾ, ജിം, സാംസ്കാരിക ഇടങ്ങൾ, നീന്തൽ കുളങ്ങൾ, തീയറ്ററുകൾ എന്നിവ അടച്ചിടാൻ നിർദ്ദേശിച്ചു. വിദ്യാർത്ഥികളോട് വീടുകളിൽ തുടരാനും നിർദ്ദേശിച്ചു. വിദൂര വിദ്യാഭ്യാസ മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കാനും തീരുമാനം.
- അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക. പൊതു ഗതാഗത സംവിധാനങ്ങളിൽ ശുചീകരണ നടപടികൾ ശക്തമാക്കും. ജനങ്ങൾ ഇത്തരം ഇടങ്ങളിൽ രോഗം പകരാതിരിക്കാൻ സുരക്ഷിതമായ അകലം തമ്മിൽ പാലിക്കുക,
- സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ വീടുകളിൽ ഇരുന്ന് ജോലിചെയ്യന്നത് പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളും.
- മീറ്റിംഗുകൾക്കായി ഡിജിറ്റൽ സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കുക. ഇതിലൂടെ ആളുകൾ പരസ്പരം ഇടപഴകുന്നത് ഒഴിവാക്കാം. കൂടുതൽ ആളുകൾ ഒത്തുകൂടുന്ന മീറ്റിംഗുകൾ ഒഴിവാക്കുക.
- ഭക്ഷണശാലകളിൽ ശുചിത്വം ഉറപ്പാക്കാനും കൈകൾ വൃത്തിയാക്കി കഴുകാനുള്ള നിർദ്ദേശങ്ങൾ ഉറപ്പാക്കാനും നിർദ്ദേശിച്ചു. ഭക്ഷണശാലകളിലെ മേശകൾ തമ്മിൽ ചുരുങ്ങിയത് 1 മീറ്റർ ദൂരം ഉറപ്പാക്കണം. തുറന്ന ഇടങ്ങളിൽ ഇരിപ്പിടങ്ങൾ നൽകാൻ സൗകര്യമുള്ള സ്ഥലങ്ങളിൽ അത്തരം മാർഗ്ഗങ്ങൾ അവലംബിക്കാം.
- ആളുകൾ ഒത്തുകൂടുന്ന മത്സരഇനങ്ങളും കായിക പരിപാടികളും ഒഴിവാക്കാൻ നിർദ്ദേശം നൽകി.
- ആരാധനാലയങ്ങളിലെ തിരക്ക് ഒഴിവാക്കാൻ മത നേതാക്കളുടെ സഹായത്തോടെ അവബോധം വളർത്താനുള്ള നടപടികൾ കൈക്കൊള്ളും.
- ചന്തകൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ മുതലായ ഇടങ്ങളിൽ പ്രതിരോധ നടപടികൾ ഊർജ്ജിതപ്പെടുത്താനും ആളുകൾക്ക് അവബോധം നൽകുന്നതിനുള്ള മാർഗങ്ങൾ അവലംബിക്കാനും നിർദ്ദേശം.
- സ്ഥിതിഗതികളെ കുറിച്ച് സമൂഹത്തിനു വ്യക്തമായ നിർദേശങ്ങളും അറിയിപ്പുകളും സമയാസമയങ്ങളിൽ നൽകി ബോധവത്കരണം ഉറപ്പാക്കണം.