ദുബായ്: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള റെസിഡൻസി വിസകളുടെ കാലാവധി GDRFA നീട്ടി നൽകിയതായി ഫ്ലൈ ദുബായ്

GCC News

യാത്രാ നിയന്ത്രണങ്ങൾ മൂലം നിലവിൽ യു എ ഇയ്ക്ക് പുറത്ത് കുടുങ്ങിക്കിടക്കുന്ന, ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്നുള്ളവരുടെ ദുബായ് റെസിഡൻസി വിസകളുടെ കാലാവധി 2021 നവംബർ 10 വരെ GDRFA നീട്ടി നൽകിയിട്ടുണ്ടെന്ന് ഫ്ലൈ ദുബായ് വ്യക്തമാക്കി. COVID-19 യാത്രാവിലക്കുകൾ മൂലം യു എ ഇയിലേക്കുള്ള യാത്രകൾ തടസ്സപ്പെട്ട ഏതാനം ദുബായ് വിസകളിലുള്ള പ്രവാസികളുടെ വിസ കാലാവധിയാണ് ഈ രീതിയിൽ 2021 നവംബർ 10 വരെ നീട്ടിനൽകിയിരിക്കുന്നത്.

2021 ഏപ്രിൽ 20 മുതൽ 2021 നവംബർ 9 വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്ന ദുബായ് റെസിഡൻസി വിസകളുടെ കാലാവധിയാണ് GDRFA നീട്ടി നൽകിയിരിക്കുന്നത്. എന്നാൽ 2020 ഒക്ടോബർ 20-ന് മുൻപായി യു എ ഇയിൽ നിന്ന് മടങ്ങിപോയ ശേഷം ആറ് മാസത്തിലധികം യു എ ഇയ്ക്ക് പുറത്ത് തുടർന്നിട്ടുള്ളവരുടെ ദുബായ് വിസകൾ ഇപ്രകാരം പുതുക്കി നൽകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

സ്‌പോൺസറുടെ അപേക്ഷ പ്രകാരം റെസിഡൻസി വിസ ക്യാൻസലായവർക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. ഇത്തരത്തിൽ യു എ ഇയ്ക്ക് പുറത്തുള്ള ദുബായ് വിസക്കാർക്ക് തങ്ങളുടെ വിസ കാലാവധി https://amer.gdrfad.gov.ae/visa-inquiry എന്ന വിലാസത്തിലൂടെ പരിശോധിക്കാവുന്നതാണ്.

https://www.flydubai.com/en/plan/covid-19/travel-requirements#pcr-gcc എന്ന വിലാസത്തിൽ നൽകിയിട്ടുള്ള ഫ്ലൈ ദുബായ് യാത്രാ നിബന്ധനകളിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഈ അറിയിപ്പ് പ്രകാരം, ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടെ റെസിഡൻസി വിസ കാലാവധിയാണ് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (GDRFA) നീട്ടി നൽകിയിരിക്കുന്നത്.

ഒരു മാസത്തെ അധിക സമയം ഉൾപ്പടെയാണ് ഇത്തരം വിസകൾ ഡിസംബർ 9 വരെ GDRFA സ്വയമേവ നീട്ടിനൽകിയിരിക്കുന്നത്. ഇതോടെ ഈ രാജ്യങ്ങളിൽ നിന്നുള്ള, മേൽപ്പറഞ്ഞ കാലയളവിനുള്ളിൽ വിസ കാലാവധി അവസാനിച്ചിട്ടുള്ള ദുബായ് റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്കും ദുബായിലേക്ക് മടങ്ങിയെത്താവുന്നതാണ്.

ഇവർക്ക് ദുബായിലെത്തിയ ശേഷം തങ്ങളുടെ വിസ കാലാവധി പുതുക്കുന്നതിനായി ഒരു മാസത്തെ അധിക സമയം അനുവദിച്ചിട്ടുണ്ട്. ദുബായിലേക്ക് യാത്രചെയ്യുന്നവർക്ക് GDRFA-യിൽ നിന്നുള്ള മുൻ‌കൂർ അനുമതി നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.