ലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനങ്ങളിലൊന്നായ ജിടെക്സ് ഗ്ലോബൽ 2023 യു എ ഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജിടെക്സ് ഗ്ലോബലിന്റെ നാല്പത്തിമൂന്നാമത് പതിപ്പ് 2023 ഒക്ടോബർ 16, തിങ്കളാഴ്ചയാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
ദുബായ് സെക്കൻഡ് ഡെപ്യൂട്ടി H.H. ഷെയ്ഖ് അഹ്‌മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടന ചടങ്ങിൽ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പം പങ്കെടുത്തു.
“സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിൽ ഏറ്റവും മികച്ച ഭാവി വാഗ്ദാനം ചെയ്യുന്നത് യു എ ഇ തുടരുന്നു. ഈ വർഷത്തെ ജിടെക്സ് ഗ്ലോബൽ പ്രദർശനത്തിൽ 180 രാജ്യങ്ങളിൽ നിന്നുള്ള ആറായിരത്തിലധികം പ്രദർശകർ പങ്കെടുക്കുന്നു. ഇവർ സാങ്കേതിക വ്യവസായ മേഖലയിൽ പുത്തൻ പാതകൾ വെട്ടിത്തെളിക്കുന്നതാണ്.”, ഉദ്ഘാടന വേളയിൽ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചൂണ്ടിക്കാട്ടി.

“ജിടെക്സ് ഗ്ലോബൽ പ്രദർശനത്തിലെ പങ്കാളിത്തത്തിൽ ഓരോ വർഷവും ഉണ്ടാകുന്ന അഭൂതപൂർവമായ വളർച്ച സാങ്കേതിക വ്യവസായ മേഖലയുടെ ഭാവിയ്ക്കായി ദുബായ് നൽകുന്ന പിന്തുണയ്ക്ക് ആഗോളതലത്തിൽ ലഭിക്കുന്ന പ്രാധാന്യമാണ് എടുത്ത് കാട്ടുന്നത്.”, അദ്ദേഹം കൂട്ടിച്ചേർത്തു.

ഉദ്ഘാടനത്തിന് ശേഷം H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജിടെക്സ് ഗ്ലോബൽ 2022 വേദിയിലെ വിവിധ പവലിയനുകൾ സന്ദർശിച്ചു.

യു എ ഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ എക്കണോമി, റിമോട്ട് വർക് ആപ്പ്ളിക്കേഷൻസ് വകുപ്പ് സഹമന്ത്രി H.H. ഒമർ സുൽത്താൻ അൽ ഒലമ, ദുബായ് വേൾഡ് ട്രേഡ് സെന്റർ ഡയറക്ടർ ജനറൽ ഹിലാൽ സയീദ് അൽ മാരി മറ്റു ഉന്നത ഉദ്യോഗസ്ഥർ മുതലായവർ അദ്ദേഹത്തെ അനുഗമിച്ചു.

എത്തിസലാത്, വാവെയ്, ബിയോൺ, സെയിൽസ്ഫോഴ്സ്, മൈക്രോസോഫ്ട്, ഐ ബി എം തുടങ്ങിയ പവലിയനുകളിലെത്തിയ അദ്ദേഹം ടെക്‌നോളജി രംഗത്തെ പ്രമുഖരുമായി സംവദിച്ചു.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് 2023 ഒക്ടോബർ 16 മുതൽ 20 വരെയാണ് ജിടെക്സ് ഗ്ലോബൽ 2023 സംഘടിപ്പിക്കുന്നത്. സാങ്കേതിക മേഖലയിൽ നിന്നുള്ള 180000-ൽ പരം എക്സിക്യൂട്ടീവുകൾ ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നതാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്‌ളൗഡ്, സൈബർ സെക്യൂരിറ്റി, വെബ് 3.0, ക്ലൈമറ്റ് ടെക്‌നോളജി തുടങ്ങിയ സാങ്കേതികമേഖലകളിലെ അതിനൂതനമായ അപ്ലിക്കേഷനുകൾ ജിടെക്സ് ഗ്ലോബൽ 2023-ൽ പ്രദർശിപ്പിക്കുന്നതാണ്.
With inputs from WAM.