ദുബായ്: അടിയന്തിര ആവശ്യങ്ങൾക്കായുള്ള മൂവ് പെർമിറ്റിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

GCC News

COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി ദുബായിൽ അടിയന്തിര ആവശ്യങ്ങൾക്ക് വീടിനു പുറത്തിറങ്ങാനുള്ള മൂവ് പെർമിറ്റ് സംവിധാനത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപെടുത്തി. പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു കുടുംബത്തിന് 3 ദിവസത്തിനിടെ ഒരു തവണയായിരിക്കും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി പുറത്തിറങ്ങാനുള്ള മൂവ് പെർമിറ്റ് അനുവദിക്കുക. മരുന്ന്, ഗ്രോസറി വസ്തുക്കൾ എന്നിവ വാങ്ങുന്നതിനാണ് മൂന്നു ദിവസം കൂടുമ്പോൾ ഒരു തവണ എന്ന നിലയിൽ മൂവ് പെർമിറ്റ് നിയന്ത്രണം കൊണ്ടുവന്നിട്ടുള്ളത്.

ATM ഉപയോഗിച്ച് പണം പിൻവലിക്കുന്നതിനായി വീടിനു പുറത്തിറങ്ങാൻ അഞ്ച് ദിവസത്തിൽ ഒരിക്കലായിരിക്കും മൂവ് പെർമിറ്റ് അനുവദിക്കുക. പണം പിൻവലിക്കാനുള്ള പെർമിറ്റുകൾക്ക് ഒരു മണിക്കൂർ മാത്രമായിരിക്കും അനുമതിയുണ്ടാകുക. ഇവ അപേക്ഷകന്റെ താമസയിടത്തിനു ഏറ്റവും അടുത്ത സ്ഥലങ്ങളിലേക്ക് മാത്രം യാത്രാനുമതി നല്കുന്നവയും ആയിരിക്കും.

ഇതിനായുള്ള മാറ്റങ്ങൾ https://dxbpermit.gov.ae/home എന്ന വെബ്‌സൈറ്റിൽ വരുത്തിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ മാത്രമേ ഇവ അനുവദിക്കൂ എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തിര ആവശ്യങ്ങൾക്ക് പോലും മൂവ് പെർമിറ്റ് എടുത്ത ശേഷം മാത്രമേ യാത്ര ചെയ്യാവൂ എന്നും ഇവ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.