ദുബായ്: മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ 2026 സെപ്റ്റംബറിൽ നവീകരണത്തിനായി അടയ്ക്കും

GCC News

ദുബായിലെ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ 2026 സെപ്റ്റംബർ പകുതിയിൽ നവീകരണത്തിനായി താത്കാലികമായി അടയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. 2026 ജൂലൈ 14-നാണ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ അധികൃതർ ഇക്കാര്യം അറിയിച്ചത്.

സന്ദർശകർക്ക് മ്യൂസിയത്തിലെ നിലവിലെ പ്രദർശനങ്ങൾ അനുഭവിക്കുന്നതിന് 2026 സെപ്റ്റംബർ പകുതി വരെ സമയം ലഭിക്കുന്നതാണ്.

2022-ൽ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ തുറന്ന ശേഷം നടക്കുന്ന ഒരു പ്രധാന പ്രദർശന നവീകരണത്തിനായാണ് ഈ നടപടി. നവീകരണത്തിന് ശേഷം മ്യൂസിയം 2027-ന്റെ ആദ്യ പാദത്തിൽ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മ്യൂസിയത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് ഈ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ലോകമെമ്പാടുമുള്ള ആളുകൾ പങ്കുവെക്കുന്ന ആശയങ്ങളിൽ നിന്നും, നിർദ്ദേശങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടായിരിക്കും മ്യൂസിയത്തിൽ ഈ നവീകരണത്തിന്റെ ഭാഗമായുള്ള പുതിയ അനുഭവങ്ങൾ സൃഷ്ടിക്കുകയെന്ന് അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്ഥിരമായ പ്രദർശനങ്ങൾ നിലനിർത്തുന്നതിനുപകരം, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, ശാസ്ത്രീയ മുന്നേറ്റങ്ങൾ, വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള വെല്ലുവിളികൾ എന്നിവ പ്രതിഫലിപ്പിക്കുന്നതിനായി പ്രദർശനങ്ങൾ നിരന്തരം പുനർനിർമ്മിക്കുക എന്നതാണ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന്റെ ലക്ഷ്യം.