ദുബായ്: വ്യാജ വിസ, തൊഴിൽ പരസ്യങ്ങൾ നൽകിയുള്ള തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ്

GCC News

വ്യാജ വിസ, തൊഴിൽ തുടങ്ങിയവയുടെ പരസ്യങ്ങൾ നൽകിയുള്ള തട്ടിപ്പുകളെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. 2026 ജൂലൈ 18-നാണ് ദുബായ് പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

തൊഴിലവസരങ്ങൾ, താമസസൗകര്യങ്ങൾ, വിസിറ്റ് വിസ തുടങ്ങിയവ പണത്തിനു വേണ്ടി വാഗ്ദാനം ചെയ്യുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ചും, സന്ദേശങ്ങളെക്കുറിച്ചും ജാഗ്രത പുലർത്താൻ പൊതുജനങ്ങളോട് ദുബായ് പോലീസിന്റെ ആന്റി-ഫ്രോഡ് സെന്റർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം തട്ടിപ്പുകൾ സാധാരണയായി സോഷ്യൽ മീഡിയ, മെസേജിംഗ് ആപ്പുകൾ എന്നിവയിലൂടെയാണ് പ്രചരിക്കുന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പലപ്പോഴും ലൈസൻസില്ലാത്ത കമ്പനികളുടെ പേരുകൾ ഉപയോഗിച്ച് കൊണ്ടോ, ഔദ്യോഗിക സ്ഥാപനങ്ങളായി അഭിനയിച്ച് കൊണ്ടോ ആണ് ഇത്തരക്കാർ ഇരകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതെന്ന് പോലീസ് കൂട്ടിച്ചേർത്തു.

ദുബായ് പോലീസിന്റെ ‘വഞ്ചനയെക്കുറിച്ച് ജാഗ്രത പുലർത്തുക’ എന്ന കാമ്പെയ്‌നിന്റെ ഭാഗമാണ് ഈ മുന്നറിയിപ്പ്. എല്ലാ വിസ ഇടപാടുകളും അംഗീകൃത സർക്കാർ മാർഗങ്ങളിലൂടെയോ, നിയമപരമായി അംഗീകൃത ഓഫീസുകളിലൂടെയോ മാത്രമേ പൂർത്തിയാക്കാവൂ എന്നും ഇടനിലക്കാരുമായോ, സ്ഥിരീകരിക്കാത്ത കക്ഷികളുമായോ ഇത്തരം ആവശ്യങ്ങൾക്കായി ഇടപെടുന്നത് ഒഴിവാക്കണമെന്നും പൊതുജനങ്ങളോട് ഈ പ്രചാരണ പരിപാടിയുടെ ഭാഗമായി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏതെങ്കിലും വിസ ഓഫറോ, ഇതുമായി ബന്ധപ്പെട്ട നടപടിക്രമമോ തുടരുന്നതിന് മുമ്പ് ഔദ്യോഗിക മാർഗങ്ങളിലൂടെ അവയുടെ ആധികാരികത പരിശോധിക്കണമെന്നും ദുബായ് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബോധവൽക്കരണവും പരിശോധനയുമാണ് ഇത്തരം തട്ടിപ്പുകൾക്കെതിരായ പ്രതിരോധത്തിന്റെ ആദ്യപടിയെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

നിയമവിരുദ്ധ മാർഗങ്ങളിലൂടെ വാഗ്ദാനം ചെയ്യുന്ന വിസകളോ ജോലികളോ സംബന്ധിച്ച തെറ്റായ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് ദുബായ് പോലീസ് പൊതുജനങ്ങളെ ഉപദേശിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുകയോ, സംശയിക്കുകയോ ചെയ്യുന്നവർ ദുബായ് പോലീസ് ആപ്പ്, സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ടുചെയ്യുന്നതിനുള്ള ഇ-ക്രൈം പ്ലാറ്റ്‌ഫോം, അല്ലെങ്കിൽ 901 എന്ന നമ്പർ എന്നിവയിലൂടെ ഇക്കാര്യം അധികൃതരുമായി റിപ്പോർട്ട് ചെയ്യാവുന്നതാണ്.