ദുബായ് മാൾ മെട്രോ സ്റ്റേഷനിലെ ബസ്, ടാക്സി സർവീസ് റോഡ് താത്‌കാലികമായി അടച്ചു

GCC News

ബുർജ് ഖലീഫ-ദുബായ് മാൾ മെട്രോ സ്റ്റേഷനിലെ ബസ്, ടാക്സി സർവീസ് റോഡ് താൽക്കാലികമായി അടച്ചിടുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2026 ജൂലൈ 4-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.

2026 അവസാനം വരെ ഈ റോഡ് അടച്ചിടുമെന്നാണ് RTA അറിയിച്ചിരിക്കുന്നത്. ഈ മെട്രോ സ്റ്റേഷനിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ റോഡ് അടച്ചിടുന്നത്.

ഷെയ്ഖ് സായിദ് റോഡിൽ മെട്രോ സ്റ്റേഷന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സർവീസ് റോഡിലൂടെ വികസനപ്രവർത്തനങ്ങൾ നടക്കുന്ന കാലയളവിൽ നിർമ്മാണ വാഹനങ്ങൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ എന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്. ഈ കാലയളവിൽ യാത്രികർക്ക് തടസം നേരിടുന്നത് കുറയ്ക്കുന്നതിനായി RTA ഒരു സംയോജിത ഗതാഗത മാനേജ്മെന്റ് പ്ലാൻ നടപ്പിലാക്കിയിട്ടുണ്ട്.

നിർമ്മാണം പുരോഗമിക്കുന്ന കാലയളവിൽ സേവനങ്ങൾ സുഗമമായി തുടരുന്നതിനായി നിലവിലുള്ളതിനൊപ്പം ഒരു പുതിയ ബസ് സ്റ്റോപ്പ് സജ്ജീകരിച്ചിട്ടുണ്ട്. ഷെയ്ഖ് സായിദ് റോഡിൽ ജബൽ അലി, ബർ ദുബായ് ദിശകൾക്കുള്ള ദിശാസൂചികാ ബോർഡുകൾ ഉൾപ്പടെ ഈ സൈറ്റിന് ചുറ്റും ഡ്രൈവർമാർക്കും, യാത്രക്കാർക്കുമായി വ്യക്തമായ അടയാളങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.