പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് അപേക്ഷിക്കുന്നവർക്കായി ഒരു പുതിയ ബുക്കിംഗ് പോർട്ടൽ ഒരുക്കിയതായി യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു. 2026 ജൂലൈ 5-നാണ് അബുദാബിയിലെ ഇന്ത്യൻ എംബസി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
🔔 Applicants for Passport, Visa & Attestation services at the Embassy of India, Abu Dhabi and the Consulate General of India, Dubai can now book appointments online at 🔗 https://t.co/vuPsIzJXrc
— India in UAE (@IndembAbuDhabi) July 5, 2026
Details below👇 pic.twitter.com/glNCLHQGhv
അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലും പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി അപേക്ഷിക്കുന്ന യു എ ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് https://book.passportindiauae.com/ എന്ന വിലാസത്തിലൂടെ ഓൺലൈനായി അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
കോൺസുലാർ സേവനങ്ങൾക്കുള്ള പുതുക്കിയ നിയമങ്ങളും അബുദാബിയിലെ എംബസിയും ദുബായിലെ കോൺസുലേറ്റും അറിയിച്ചിട്ടുണ്ട്. അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും അവരുടെ ഓഫീസുകളിൽ താൽക്കാലിക ഭരണപരമായ മാറ്റങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നിയന്ത്രണങ്ങൾ.
എംബസി, കോൺസുലേറ്റ് ഓഫീസുകളിൽ അവതരിപ്പിച്ചിട്ടുള്ള പരിമിതമായ വാക്ക്-ഇൻ സേവനങ്ങൾക്കുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
- പുതിയ നിയമങ്ങൾ അനുസരിച്ച്, മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്ത അപേക്ഷകർക്ക് അവരുടെ നിശ്ചിത സമയത്തിന് 15 മിനിറ്റ് മുമ്പ് പ്രവേശനം അനുവദിക്കുന്നതാണ്. തിരക്ക് ഒഴിവാക്കാൻ, അപേക്ഷകരെ മാത്രമേ പരിസരത്ത് പ്രവേശിപ്പിക്കൂ (മാതാപിതാക്കൾ ഇരുവരും ഹാജരാകേണ്ട പ്രായപൂർത്തിയാകാത്ത അപേക്ഷകരുടെ കാര്യത്തിൽ ഒഴികെ) എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
- അബുദാബിയിൽ, കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായെത്തുന്നവർക്കുള്ള പ്രവേശനം അൽ സഫറത്ത് സ്ട്രീറ്റിലെ എംബസിയുടെ പ്രധാന ഗേറ്റിലൂടെ ആയിരിക്കും. രേഖകൾ സമർപ്പിക്കുന്നത് ഉൾപ്പടെയുള്ള സംശയങ്ങളും, അന്വേഷണങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ അബുദാബിയിലെ അൽ ഇഷിറ സ്ട്രീറ്റിലെ ഗാർഡിയൻ ടവറിലെ (ടെക്നിപ്പ് ബിൽഡിംഗ്) ഒന്നാം നിലയിലെ യൂണിറ്റ് നമ്പർ 101-ൽ സ്ഥിതി ചെയ്യുന്ന കോൺസുലാർ വിംഗിൽ നിന്നായിരിക്കും നൽകുന്നത്.
- ദുബായിൽ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായെത്തുന്നവർക്കുള്ള പ്രവേശനം കോൺസുലേറ്റ് ജനറലിലെ ഗേറ്റ് നമ്പർ 2 വഴി ആയിരിക്കും. അറ്റസ്റ്റേഷൻ സേവനങ്ങൾ ആവശ്യമുള്ളവർക്ക് ഗേറ്റ് നമ്പർ 1 ഉപയോഗിക്കാവുന്നതാണ്. ഡോക്യുമെന്റ് ഡെലിവറി, ഇതിനകം സമർപ്പിച്ച അപേക്ഷകളെക്കുറിച്ചുള്ള അന്വേഷണങ്ങൾ, തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കായെത്തുന്നവർക്കും ഗേറ്റ് നമ്പർ 1 ഉപയോഗിക്കാവുന്നതാണ്.
- അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലും വാക്ക്-ഇൻ സേവനങ്ങൾ രാവിലെ 9 മുതൽ 11 വരെ പരിമിതമായ തോതിൽ ലഭ്യമാക്കുന്നതാണ്. നവജാതശിശുക്കളുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും, അടിയന്തര സർട്ടിഫിക്കറ്റുകൾക്കും മുൻഗണന നൽകുമെങ്കിലും, നീണ്ട കാത്തിരിപ്പ് സമയം ഒഴിവാക്കാൻ മറ്റെല്ലാ അപേക്ഷകരും മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
- സുഗമമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ഇത്തരം അപേക്ഷകർ പൂർണ്ണമായും പൂരിപ്പിച്ച അപേക്ഷാ ഫോമുകളും എല്ലാ അനുബന്ധ രേഖകളും സഹിതം സന്ദർശിക്കേണ്ടതാണ്.
- സന്ദർശനത്തിന് മുൻപായി https://mportal.passportindia.gov.in/mission/ എന്ന വിലാസത്തിൽ നൽകിയിട്ടുള്ള പാസ്‌പോർട്ട് അപേക്ഷാ ഫോം പൂരിപ്പിക്കാവുന്നതും, നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച ശേഷം ഫോട്ടോഗ്രാഫുകൾ, ഒപ്പുകൾ, രേഖകൾ എന്നിവ അപ്‌ലോഡ് ചെയ്യാവുന്നതുമാണ്.
- ഒപ്പുകൾ, വിരലടയാളങ്ങൾ എന്നിവ വ്യക്തമായ വെളുത്ത പശ്ചാത്തലത്തിൽ നൽകുന്ന രീതിയിൽ കൃത്യമായി അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
- ഫീസ് പണമായി മാത്രമേ സ്വീകരിക്കൂ എന്നതിനാൽ, അപേക്ഷകർ കൃത്യമായ ചില്ലറ തുക കൈവശം കരുതേണ്ടതാണ്.
പാസ്സ്‌പോർട്ട്, മറ്റു അനുബന്ധ സേവനങ്ങൾ എന്നിവയ്ക്കുള്ള പുതുക്കിയ ഫീസ് ഘടന 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
എംബസി, കോൺസുലേറ്റ് ഓഫീസുകളിൽ ബന്ധപ്പെടുന്നതിനായി താഴെ നൽകിയിട്ടുള്ള വിവരങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്:
- ടോൾ-ഫ്രീ നമ്പർ: 800 46342 (800 INDIA).
- വാട്സാപ്പ് നമ്പർ: +971 54 309 0571.
- ഇമെയിൽ: pbsk.dubai@mea.gov.in

