യു എ ഇ: പാസ്സ്‌പോർട്ട് സേവനങ്ങളുടെ പുതിയ നിരക്കുകൾ സംബന്ധിച്ച് ഇന്ത്യൻ എംബസി അറിയിപ്പ് നൽകി

GCC News

പാസ്സ്‌പോർട്ട്, മറ്റു അനുബന്ധ സേവനങ്ങൾ എന്നിവയ്ക്കുള്ള പുതുക്കിയ ഫീസ് ഘടന സംബന്ധിച്ച് യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കി. ഈ പുതുക്കിയ നിരക്കുകൾ 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. https://www.cgidubai.gov.in/content/Press-release-for-fee-revision-for-passport-services-from-1-July-2026.pdf എന്ന വിലാസത്തിൽ ഈ അറിയിപ്പ് പിഡിഎഫ് രൂപത്തിൽ ലഭ്യമാണ്.

ഈ പുതിയ നിരക്കുകൾ എംബസി, കോൺസുലേറ്റ്, യു എ ഇയിലെ ഔട്ട്‌സോഴ്‌സ് സേവന ദാതാവ് നടത്തുന്ന ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ (ICAC-കൾ) എന്നിവയിലുടനീളം ഒരേപോലെ ബാധകമാകുന്നതാണ്. 2026 ജൂൺ 20-ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പാസ്‌പോർട്ട് (ഭേദഗതി) നിയമങ്ങൾ പ്രകാരം പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തെ തുടർന്നാണ് ഈ പരിഷ്കരണം.

ഈ അറിയിപ്പ് പ്രകാരം പാസ്സ്‌പോർട്ട്, മറ്റു അനുബന്ധ സേവനങ്ങൾ എന്നിവയ്ക്കുള്ള പുതുക്കിയ ഫീസ് ഘടന:

  • മുതിർന്നവർക്കുള്ള പുതിയതോ വീണ്ടും ഇഷ്യൂ ചെയ്തതോ ആയ സാധാരണ 36 പേജുള്ള പാസ്‌പോർട്ടിന് 450 ദിർഹമായിരിക്കും പുതുക്കിയ നിരക്ക്. നേരത്തെ ഇത് 285 ദിർഹമായിരുന്നു.
  • 60 പേജുള്ള പാസ്‌പോർട്ടിനുള്ള ഫീസ് 380 ദിർഹത്തിൽ നിന്ന് 630 ദിർഹമായി ഉയരുന്നതാണ്.
  • തത്കാൽ പ്രോസസ്സിംഗിന് കീഴിൽ, ഈ ഫീസ് യഥാക്രമം 900 ദിർഹമായും 1,080 ദിർഹമായും ഉയർത്തിയിട്ടുണ്ട്. നേരത്തെ ഇത് യഥാക്രമം 855 ദിർഹവും 950 ദിർഹവുമായിരുന്നു.
  • നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ പാസ്‌പോർട്ട് വീണ്ടും ലഭിക്കുന്നതിനുള്ള ഫീസ് – 36 പേജുള്ള പാസ്സ്‌പോർട്ട് സാധാരണ പ്രോസസ്സിംഗിന് 900 ദിർഹവും, തത്കാലിന് 1,350 ദിർഹവും, 60 പേജുള്ള പാസ്‌പോർട്ടിന് 1,080 ദിർഹവും തത്കാലിന് 1,530 ദിർഹവും ആക്കി ഉയർത്തിയിട്ടുണ്ട്.
  • 18 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവർക്ക് പുതിയതോ വീണ്ടും ഇഷ്യൂ ചെയ്തതോ ആയ 36 പേജുള്ള പാസ്‌പോർട്ടിന് സാധാരണ പ്രോസസ്സിംഗിന് കീഴിൽ 325 ദിർഹവും, തത്കാൽ പാസ്‌പോർട്ടിന് 775 ദിർഹവും ആയിരിക്കും.
  • 18 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവർക്ക് നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ പാസ്‌പോർട്ട് വീണ്ടും ലഭിക്കുന്നതിനുള്ള ഫീസ് യഥാക്രമം 775 ദിർഹവും 1,225 ദിർഹവും ആയിരിക്കും.
  • 8 വയസ്സ് വരെയുള്ള കുട്ടികൾക്ക് പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന അവസരത്തിൽ ഫീസിൽ 10 ശതമാനം കിഴിവ് ലഭിക്കുന്നതാണ്. ഇവർക്ക് പുതിയ പാസ്സ്‌പോർട്ട് സാധാരണ രീതിയിൽ ലഭിക്കുന്നതിനുള്ള ഫീസ് 295 ദിർഹമായും തത്കാൽ ഫീസ് 700 ദിർഹമായും നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഇവർക്ക് വീണ്ടും പാസ്സ്‌പോർട്ട് ഇഷ്യൂ ചെയ്യുന്ന അവസരത്തിൽ ഈ കിഴിവ് ബാധകമല്ല.
  • പ്രത്യേക യാത്രാ രേഖകൾ ആവശ്യമുള്ളവർക്ക്, എമർജൻസി സർട്ടിഫിക്കറ്റിന് 60 ദിർഹവും, തിരിച്ചറിയൽ സർട്ടിഫിക്കറ്റിന് 180 ദിർഹവും ഫീസായി നിശ്ചയിച്ചിട്ടുണ്ട്. ഈ രണ്ട് രേഖകളും തത്കാൽ പ്രോസസ്സിംഗിന് കീഴിൽ ലഭ്യമല്ല.
  • പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സറണ്ടർ സർട്ടിഫിക്കറ്റ്, ഗ്ലോബൽ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ, പാസ്‌പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ സേവനങ്ങൾക്ക് ഓരോന്നിനും 145 ദിർഹം ഫീസിനത്തിൽ ഈടാക്കുന്നതാണ്.

ഇതിന് പുറമെ, യു എ ഇയിലെ ഔട്ട്‌സോഴ്‌സ് സേവന ദാതാവ് നടത്തുന്ന ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾക്ക് ബാധകമായ സേവന ഫീസും, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് (ICWF) ഫീസും ബാധകമാകുന്നിടത്തെല്ലാം അത്തരം ചാർജ്ജുകൾ മേൽപ്പറഞ്ഞ ഫീസുകൾക്ക് പുറമെ അധികമായി ഈടാക്കുന്നതാണ്.