ദുബായ്: ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡ്സ് കോറിഡോർ പദ്ധതിയുടെ അമ്പത് ശതമാനം പൂർത്തിയാക്കിയതായി RTA

featured UAE

ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡ്സ് കോറിഡോർ പദ്ധതിയുടെ അമ്പത് ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു. റാസ് അൽ ഖോർ റോഡിലൂടെ എട്ട് കിലോമീറ്റർ ദൈർഘ്യത്തിൽ രൂപപ്പെടുത്തിയിട്ടുള്ള ഈ പദ്ധതിയിൽ ദുബായ്- അൽ ഐൻ റോഡ് ഇന്റർസെക്ഷൻ മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ ജംഗ്ഷൻ വരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

റാസ് അൽ ഖോർ റോഡിന്റെ ശേഷി മണിക്കൂറിൽ പതിനായിരം വാഹനങ്ങൾ എന്ന രീതിയിലേക്ക് ഉയർത്തുന്നതിനും, ഇതിലൂടെയുള്ള യാത്രാ സമയം 20 മിനിറ്റിൽ നിന്ന് കേവലം 7 മിനിറ്റിലേക്ക് കുറയ്ക്കുന്നതിനും ഈ പദ്ധതിയിലൂടെ RTA ലക്ഷ്യമിടുന്നു. ഈ പദ്ധതിയുടെ കീഴിൽ ആകെ 2 കിലോമീറ്റർ നീളമുള്ള പാലങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങളും ഉൾപ്പെടുന്നു.

ഈ പദ്ധതിയുടെ കീഴിൽ നിലവിൽ ഇരുവശത്തേക്കും മൂന്ന് വരികൾ വീതമുള്ള റാസ് അൽ ഖോർ റോഡ് നാല് വരികളിലേക്ക് ഉയർത്തുന്നതാണ്. ഇതിന് പുറമെ ട്രാഫിക് സുരക്ഷ ഉയർത്തുന്നതിനും, ഗതാഗതം സുഗമമാക്കുന്നതിനുമായി പ്രത്യേക രണ്ട് വരികളുള്ള സർവീസ് റോഡുകളും പൂർത്തിയാക്കുന്നതാണ്.

ദി ലഗൂൺസ്, ദുബായ് ക്രീക്ക് ഹാർബർ, മെയ്ദാൻ ഹൊറൈസൺസ്, റാസ് അൽ ഖോർ, അൽ വാസിൽ, നദ് അൽ ഹമാർ കോംപ്ലക്സ് മുതലായ ഇടങ്ങളിൽ വസിക്കുന്ന ആറ് ലക്ഷത്തിലധികം നിവാസികൾക്ക് പ്രയോജനകരമാകുന്ന ഈ പദ്ധതി, മേഖലയിലെ വലിയ വികസന പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പത്തിലാക്കുമെന്ന് RTA ഡയറക്ടർ ജനറൽ മത്തർ അൽ തയർ വ്യക്തമാക്കി. നദ് അൽ ഹമാർ റോഡിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് യാത്രചെയ്യുന്ന വാഹനങ്ങൾക്ക് ഇടത് വശത്തേക്ക് തടസങ്ങൾ കൂടാതെ തിരിഞ്ഞ് പോകുന്നതിന് സഹായിക്കുന്ന 988 മീറ്റർ നീളമുള്ള ഒരു രണ്ട് വരി പാലവും ഈ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നദ് അൽ ഹമാർ റോഡിൽ നിന്ന് ദുബായ്-അൽ ഐൻ റോഡ് ലക്ഷ്യമാക്കി റാസ് അൽ ഖോർ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കായി 115 മീറ്റർ നീളത്തിലുള്ള മറ്റൊരു പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്. റാസ് അൽ ഖോർ റോഡിൽ നിന്ന് നദ് അൽ ഹമാർ റോഡിലേക്ക് സഞ്ചരിക്കുന്നവർക്ക് വലത് ദിശയിലേക്ക് തിരിയുന്നതിനായി 368 മീറ്റർ ദൈർഘ്യമുള്ള ഒരു രണ്ട് വരി തുരങ്കത്തിന്റെ നിർമ്മാണം, നിലവിലെ ഇന്റർസെക്ഷൻറെ അറ്റകുറ്റപണികൾ, നിലവിലുള്ള തിരിവുകളുടെ വീതികൂട്ടൽ മുതലായവയും ഈ പദ്ധതിയുടെ ഭാഗമായി നിർവഹിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

WAM