ദുബായ്: സൗജന്യ സ്മാർട്ട് അംബ്രല്ല സർവീസ് ആരംഭിച്ചു

featured GCC News

എമിറേറ്റിലെ ബസ്, മെട്രോ യാത്രികർക്ക് മഴയത്തും, വെയിലത്തും ഉപയോഗിക്കുന്നതിനായി സൗജന്യ കുടകൾ നൽകുന്നത് ലക്ഷ്യമിടുന്ന പദ്ധതിയ്ക്ക് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) തുടക്കമിട്ടു.

ദുബായിലെ തിരഞ്ഞെടുത്ത ബസ്, മെട്രോ സ്റ്റേഷനുകളിലെ യാത്രികർക്ക് ഈ സ്മാർട്ട് അംബ്രല്ല സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

ഈ പദ്ധതിയുടെ കീഴിൽ യാത്രികർക്ക് തങ്ങളുടെ നോൾ കാർഡ് പ്രയോജനപ്പെടുത്തിക്കൊണ്ട് ഉപയോഗിച്ച ശേഷം തിരികെ നൽകാവുന്ന രീതിയിൽ സൗജന്യമായി കുടകൾ നേടാവുന്നതാണ്.

ഷെയറിങ് അടിസ്ഥാനത്തിലുള്ള ഈ സേവനം കനേഡിയൻ കമ്പനിയായ അംബ്രസിറ്റിയുമായി ചേർന്നാണ് RTA നടപ്പിലാക്കുന്നത്. നിലവിൽ അൽ ഗുബൈബ ബസ്, മെട്രോ സ്റ്റേഷനുകളിലാണ് ഈ സേവനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരിക്കുന്നത്.

മൂന്ന് മാസത്തിന് ശേഷം വിജയകരമാണെന്ന് കാണുന്ന സാഹചര്യത്തിൽ ഈ സേവനം കൂടുതൽ ബസ്, മെട്രോ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുന്നതാണ്. ദുബായ് നഗരത്തിൽ കാൽനടയായുള്ള ചെറു യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.