ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പൂർവസ്ഥിതിയിലേക്ക് മടങ്ങിയതായി അധികൃതർ

featured GCC News

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിച്ചതായി എയർപോർട്ട് അധികൃതർ അറിയിച്ചു. 2024 ഏപ്രിൽ 23-നാണ് ദുബായ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

യു എ ഇയിൽ കഴിഞ്ഞ ആഴ്ച അനുഭവപ്പെട്ട ശക്തമായ മഴയ്ക്ക് ശേഷം ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് മടങ്ങിയതായും, നിലവിൽ പ്രതിദിനം 1,400 വിമാനങ്ങൾ വിമാനത്താവളത്തിൽ സർവീസ് നടത്തുന്നുണ്ടെന്നും ദുബായ് എയർപോർട്ട്സ് സി ഇ ഒ പോൾ ഗ്രിഫിത്ത് അറിയിച്ചു.

ദുബായ് വിമാനത്താവളത്തിന് ചുറ്റുമുള്ള റോഡുകളിൽ നിന്നുള്ള മഴവെള്ളക്കെട്ട് പൂർണ്ണമായും നീക്കം ചെയ്തതോടെ, വിമാനത്താവളം പൂർണ്ണമായും പ്രവർത്തനസജ്ജമായതായി അദ്ദേഹം അറിയിച്ചു. കനത്ത മഴയെത്തുടർന്ന് 2,155 വിമാനങ്ങൾ റദ്ദാക്കുകയും 115 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്ലൈറ്റുകളുടെ ഷെഡ്യൂൾ വേഗത്തിൽ പുനഃക്രമീകരിക്കാനും ദുരിതബാധിതരായ യാത്രക്കാർക്ക് അവരുടെ സുഖവും സുരക്ഷയും ഉറപ്പാക്കാൻ ആവശ്യമായ സഹായം നൽകാനും വിമാനത്താവളത്തിന് കഴിഞ്ഞുവെന്ന് ഗ്രിഫിത്ത്സ് വ്യക്തമാക്കി. എയർപോർട്ട് ജീവനക്കാർ, എയർലൈൻ പങ്കാളികൾ, സർക്കാർ ഏജൻസികൾ, സേവന പങ്കാളികൾ എന്നിവരുൾപ്പെടെ എയർപോർട്ട് കമ്മ്യൂണിറ്റിയുടെ ടീം സ്പിരിറ്റിനെ അദ്ദേഹം പ്രത്യേകം ആദരിച്ചു.

ചുറ്റുമുള്ള റോഡ് അടച്ചതിനാൽ സപ്ലൈസ് കൊണ്ടുപോകുന്നതിൽ പ്രാരംഭ വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും, വിമാനത്താവളം 75,000 ലധികം ലഘുഭക്ഷണ പായ്ക്കുകൾ ദുരിത ബാധിത യാത്രക്കാർക്ക് വിതരണം ചെയ്തതായി ഗ്രിഫിത്ത് പറഞ്ഞു. ലഗേജ് ബാക്ക്‌ലോഗുകൾ കൈകാര്യം ചെയ്യുന്നത് പോലുള്ള വെല്ലുവിളികൾ ഇനിയും മുന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സേവന പങ്കാളികളുമായി അടുത്ത് പ്രവർത്തിക്കുന്നത് തുടരേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. യാത്രക്കാരുടെ ക്ഷമയ്ക്ക് ഗ്രിഫിത്ത് നന്ദി അറിയിച്ചു.

എയർപോർട്ട് പ്രവർത്തനങ്ങൾ സാധാരണ നിലയിലായതിനാൽ, തിരക്ക് ഒഴിവാക്കാനും പ്രവർത്തനങ്ങൾ സുഗമമായി നിലനിർത്താനും വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും ടെർമിനലിൽ എത്തിച്ചേരണമെന്ന് അദ്ദേഹം യാത്രികർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.