ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) നിലവിൽ വന്നതിന് ശേഷം ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള രത്നങ്ങളുടെയും, ആഭരണങ്ങളുടെയും കയറ്റുമതിയിൽ 8.26 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇന്ത്യൻ ജം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ (GJEPC) ചെയർമാൻ വിപുൽ ഷായെ ഉദ്ധരിച്ചാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. “ന്യൂഡൽഹിയിലെ വാണിജ്യ-വ്യവസായ മന്ത്രാലയം 2022 മെയ് മാസത്തിൽ യു എ ഇ യുമായി CEPA കരാർ പ്രവർത്തനക്ഷമമാക്കി. ഈ വർഷത്തെ 45.7 ബില്യൺ ഡോളറിന്റെ ലക്ഷ്യം കൈവരിക്കുന്നതിന് ശക്തമായ വളർച്ച ആവശ്യപ്പെടുന്നതിനാൽ സാമ്പത്തിക വർഷത്തിന്റെ അവസാന പാദം വളരെ നിർണായകമാണ്.”, 2023 കലണ്ടർ വർഷത്തിലെ ഇന്ത്യയിലെ ആദ്യത്തെ ഡിസൈൻ കേന്ദ്രീകൃത ജ്വല്ലറി ഷോ ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ നിലവിലെ സാമ്പത്തിക വർഷം മാർച്ച് 31-ന് അവസാനിക്കുന്നതാണ്. ഇന്ത്യ ഇന്റർനാഷണൽ ജ്വല്ലറി ഷോയും ഇന്ത്യ ജെം ആൻഡ് ജ്വല്ലറി മെഷിനറി എക്സ്പോയും ഇപ്പോൾ മുംബൈയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
“ഈ വർഷം, ഇന്ത്യ ഇന്റർനാഷണൽ ജ്വല്ലറി ഷോ മുമ്പത്തേക്കാൾ വലുതും, മികച്ചതുമായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ മൊത്തത്തിലുള്ള രത്ന, ആഭരണ കയറ്റുമതിയിൽ 8.26 ശതമാനം വളർച്ചയുണ്ടായി”, അദ്ദേഹം പറഞ്ഞു.
യു എ ഇ – ഇന്ത്യ CEPA കരാറിന് പുറമേ, ഓസ്ട്രേലിയയുമായുള്ള ഒരു സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്ടിഎ) പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ വർഷം ഇത്തരത്തിലുള്ള രണ്ട് ഫ്രീ ട്രേഡ് അഗ്രീമെന്റുകൾ കൂടി പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ-കൊമേഴ്സ് വഴിയുള്ള രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിക്ക് ലളിതവൽക്കരിച്ച നിയന്ത്രണ ചട്ടക്കൂട് നടപ്പിലാക്കുന്നതും, വജ്രങ്ങളുടെ ഇറക്കുമതിക്കുള്ള തീരുവ കുറയ്ക്കന്നതും, പുതിയ സ്വർണ്ണ ധനസമ്പാദന നയം, ഹാൾമാർക്കിംഗ് മാനദണ്ഡങ്ങൾ എന്നിവ നടപ്പാക്കുന്നതും ഉൾപ്പടെ നിരവധി നടപടികൾ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യയുടെ വാണിജ്യ, വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേൽ ഈ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അവർ കൂട്ടിച്ചേർത്തു.
യു എ ഇ, ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള ബിസിനസ് പ്രതിനിധികൾ മുംബൈയിൽ നടക്കുന്ന ഈ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. GJEPC എക്സിബിഷനിൽ സൗദി അറേബ്യൻ പ്രതിനിധികൾ പങ്കെടുക്കുന്നത് ഇതാദ്യമായാണ്. ഈ മേഖലയിലെ പതിനെട്ട് പ്രധാന ഉപഭോക്താക്കളാണ് സൗദി സംഘത്തിലുള്ളത്.
യു എ ഇയും ഇന്ത്യയും തമ്മിൽ 2022 ഫെബ്രുവരി 18-ന് ഒപ്പ് വെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) 2022 മെയ് 1 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു.
കസ്റ്റംസ് തീരുവകൾ 90 ശതമാനം കുറച്ചുകൊണ്ട് വ്യാപാരം പ്രോത്സാഹിപ്പിക്കാനും, 2021 അവസാനത്തിൽ 45 ബില്യൺ ഡോളർ ആയിരുന്ന എണ്ണ ഇതര വ്യാപാരം അടുത്ത അഞ്ച് വർഷങ്ങളിൽ പ്രതിവർഷം 100 ബില്യൺ ഡോളറായി വർധിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള CEPA ഉടമ്പടി സഹായിക്കുമെന്ന് യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി 2022 മെയ് മാസത്തിൽ അറിയിച്ചിരുന്നു.
ഈ കരാർ നിലവിൽ വന്നതിന് ശേഷം ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള കയറ്റുമതിയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി 2022 സെപ്റ്റംബർ മാസം അവസാനം റിപ്പോർട്ട് ചെയ്തിരുന്നു.
WAM. Cover Image: Pixabay.