ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ ഇരുപത്തെട്ടാമത് പതിപ്പ് 2023 ഫെബ്രുവരി 20-ന് ദുബായിൽ ആരംഭിച്ചു. മേളയുടെ ഉദ്ഘാടന ദിനത്തിൽ ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗൾഫുഡ് 2023 വേദി സന്ദർശിച്ചു.
“ലോകത്തിന്റെ സമൃദ്ധിയും, പുരോഗതിയും നിശ്ചയിക്കുന്ന നിര്‍ണ്ണായകമായ മേഖലകളുടെ ഭാവി നിർണ്ണയിക്കുന്നതിൽ ആഗോളതലത്തിൽ തന്നെ മുൻനിര രാജ്യങ്ങളിലൊന്നാകുക എന്ന യു എ ഇയുടെ ദർശനത്തിന്റെ ഭാഗമായി, സമ്പദ്‌വ്യവസ്ഥകളുടെയും, സമൂഹത്തിന്റെയും സുസ്ഥിരതയെ ബാധിക്കുന്ന നിർണ്ണായക വിഷയങ്ങളിൽ ചർച്ചകൾ ഒരുക്കുന്നതിനായി രാജ്യങ്ങളെയും, വിപണികളെയും, വ്യവസായങ്ങളെയും ഒരുമിപ്പിക്കുന്നത് ഞങ്ങൾ തുടരുന്നു.”, മേളയിൽ പങ്കെടുത്ത് കൊണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
രാജ്യത്തെ മുഴുവൻ നിവാസികൾക്കും ഏറ്റവും മികച്ച ജീവിതസാഹചര്യങ്ങൾ ഒരുക്കുന്നതിൽ യു എ ഇ പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിനും, ഏറ്റവും മികച്ച ഭക്ഷ്യ വിതരണ ശൃംഖലകൾ നിർമ്മിക്കുന്നതിനും ഞങ്ങൾ പ്രാധാന്യം കല്പിക്കുന്നു.”, അദ്ദേഹം കൂട്ടിച്ചേർത്തു.
H.H. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യു എ ഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി വകുപ്പ് മന്ത്രി മരിയം ബിൻത് മുഹമ്മദ് സഈദ് ഹരിബ് അൽമിഹെയ്‌രി, ദുബായ് വേൾഡ് ട്രേഡ് സെന്റർ അതോറിറ്റി ഡയറക്ടർ ജനറൽ ഹിലാൽ അൽ മാരി, ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌രി തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഗൾഫുഡ് 2023 സംഘടിപ്പിക്കുന്നത്. ഇരുപത്തെട്ടാമത് ഗൾഫുഡ് പ്രദർശനം 2023 ഫെബ്രുവരി 20 മുതൽ 24 വരെ നീണ്ട് നിൽക്കും.
കഴിഞ്ഞ വർഷത്തേക്കാൾ മുപ്പത് ശതമാനം കൂടുതൽ പ്രദർശനങ്ങളോടെയാണ് ഇത്തവണത്തെ ഗൾഫുഡ് സംഘടിപ്പിക്കുന്നത്. ഇത്തവണത്തെ ഗൾഫുഡ് പ്രദർശനത്തിൽ 120 രാജ്യങ്ങളിൽ നിന്നുള്ള അയ്യായിരത്തിലധികം പ്രദർശകർ പങ്കെടുക്കുന്നുണ്ട്. ഇതിൽ 1500 പ്രദർശകർ ഗൾഫുഡ് പ്രദർശനത്തിൽ ആദ്യമായി പങ്കെടുക്കുന്നവരാണ്.
യുണിലിവർ, GMG, അമേരിക്കാന, ഫൊന്റെറ, മക്കെയ്ൻ, മോണിൻ, ഹണ്ടർ ഫുഡ്സ്, USAPEEC, ASMAK, മിനിർവ ഫുഡ്സ്, യു എസ് ഡയറി എക്സ്പോർട്സ് കൗൺസിൽ, ഫ്രിൻസ ഗ്രൂപ്പ്, എമിറേറ്റ്സ് സ്‌നാക്‌സ് ഫുഡ്സ്, അൽ റാബിയ മുതലായ ഭക്ഷ്യമേഖലയിലെ ആഗോള തലത്തിലെ ഭീമൻ കമ്പനികൾ ഗൾഫുഡ് 2023 പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. മേളയിൽ ആദ്യമായി പങ്കെടുക്കുന്ന പ്രദർശകർക്കായി പതിനായിരം സ്‌ക്വയർ മീറ്റർ വിസ്തൃതിയിൽ ‘ഗൾഫുഡ് പ്ലസ്’ എന്ന പേരിൽ ഒരു പ്രത്യേക ഹാൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യപരമായ ഭക്ഷ്യ സംവിധാനങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചും, ആഗോള തലത്തിലെ നാണയപ്പെരുപ്പം കുറയ്ക്കുന്നതിൽ ഭക്ഷ്യമേഖലയ്ക്ക് വഹിക്കാനുള്ള പങ്കിനെക്കുറിച്ചും, സുസ്ഥിര നയങ്ങളിൽ ഊന്നിയുള്ള ഭക്ഷ്യോത്പാദനം, ഭക്ഷ്യ ഉപഭോഗം മുതലായ വിഷയങ്ങളെക്കുറിച്ചും ഗൾഫുഡ് 2023 പ്രത്യേകം പരിശോധിക്കുന്നതാണ്. ആഗോള ഭക്ഷണ പാനീയ വാണിജ്യ മേഖലയിലെ ഏറ്റവും മികച്ച ബ്രാൻഡുകൾ പങ്കെടുക്കുന്ന ഗൾഫുഡ് മേള ഈ മേഖലയിലെ നൂതന പ്രവണതകൾ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ശീലങ്ങൾ, പരിഹാരങ്ങൾ എന്നിവ അവതരിപ്പിക്കുന്നു.
WAM.