ആരോഗ്യ കേന്ദ്രങ്ങളിലേക്കും ആശുപത്രികളിലേക്കുമുള്ള യാത്രകൾക്ക് 20% ഇളവ് അനുവദിച്ച് ഹലാ ടാക്സി

GCC News

ഹലാ ടാക്സി സർവീസും, ദുബായ് RTA-യും ചേർന്ന് ദുബായിലെ ആരോഗ്യ രംഗത്തെ പ്രവർത്തകർക്കും ആരോഗ്യ സംബന്ധമായ ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവർക്കുമായി പ്രത്യേക ഇളവുകൾ കൊണ്ടുവന്നു. ഏപ്രിൽ 1 മുതൽ തിരഞ്ഞെടുത്ത ആരോഗ്യ കേന്ദ്രങ്ങളിലേക്കും ആശുപത്രിയിലേക്കുമുള്ള യാത്രകൾക്കായി കരീം ആപ്പ് വഴി ബുക്ക് ചെയ്യുന്ന ടാക്സി യാത്രകൾക്ക് 20 ശതമാനം ഇളവുകൾ നൽകുമെന്ന് ഹലാ ടാക്സി അറിയിച്ചു. ഏപ്രിൽ 18 വരെയാണ് ഈ ഇളവുകൾ ലഭിക്കുക.

നിലവിൽ 40-ൽ പരം കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾക്കാണ് ഈ ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഹലാ ടാക്സി, ഹലാ വാൻ ടാക്സി എന്നീ സേവനങ്ങളിൽ ഈ ഇളവുകൾ ലഭ്യമാക്കിയിട്ടുണ്ട്. കരീം ആപ്പ് വഴി ഒരു ഉപഭോക്താവിന് പരമാവധി 10 യാത്രകളാണ് ഇപ്രകാരം ഇളവുകളോടെ ഉപയോഗിക്കാനാകുക. അടിയന്തിര യാത്രകൾക്കും, അവശ്യ സാധനങ്ങൾ വാങ്ങുന്നതിനും, അടിയന്തിര സ്വഭാവമുള്ള ജോലികളുള്ള ജീവനക്കാരുടെ യാത്രകൾക്കും, ആരോഗ്യ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും മാത്രമാണ് നിലവിൽ ഹലാ ടാക്സി സംവിധാനം ലഭ്യമാകുക.

https://halaride.com/helpinghand/ എന്ന വിലാസത്തിൽ ഇളവുകൾ ലഭ്യമാക്കിയിട്ടുള്ള കേന്ദ്രങ്ങളുടെ പട്ടികയും, അവിടേക്കുള്ള യാത്രകൾക്ക് ഇളവ് നേടാനുപയോഗിക്കാവുന്ന പ്രത്യേക പ്രോമോ കോഡുകളും ലഭ്യമാണ്. ആപ്പ് വഴി ടാക്സി ബുക്ക് ചെയ്യുമ്പോൾ ഈ പട്ടിക പ്രകാരമുള്ള പ്രോമോ കോഡുകൾ ഉപയോഗിച്ച് ഉപഭോക്താവിന് ഇളവുകൾ നേടാം.