ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഡൽഹി അബുദാബി ക്യാമ്പസ് സായിദ് സർവകലാശാലയിൽ എനർജി ട്രാൻസിഷൻ ആൻഡ് സസ്റ്റൈനബിലിറ്റിയിൽ (ETS) ഒരു ബിരുദാനന്തര ബിരുദ കോഴ്‌സ് ആരംഭിച്ചു. 2023 നവംബർ 14-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കാൻ പദ്ധതിയിട്ടിട്ടുള്ള ഐഐടി-ഡൽഹി അബുദാബിയുടെ ETS മാസ്റ്റേഴ്‌സ് അബുദാബി കാമ്പസിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ്. ഊർജ്ജ വ്യവസായത്തിലെയും അനുബന്ധ മേഖലകളിലെയും പ്രൊഫഷണലുകളെ ഭാവിയിലേക്ക് സജ്ജരാക്കുന്നതിനും, സുസ്ഥിര സമീപനങ്ങൾ നടപ്പിലാക്കുന്നതിനും ആവശ്യമായ അറിവും വൈദഗ്ധ്യവും നൽകാൻ ഈ കോഴ്‌സ് ലക്ഷ്യമിടുന്നു.
ഈ വർഷം ഡിസംബറിൽ യു എ ഇ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ഈ അക്കാദമിക് പ്രോഗ്രാമിന് ഏറെ പ്രാധാന്യമുണ്ട്.
“ഊർജ്ജ മേഖലയിലെ പാരിസ്ഥിതിക സുസ്ഥിരതയുടെ നിർണായക പ്രാധാന്യം പ്രയോജനപ്പെടുത്തിക്കൊണ്ട്, ഈ പരിപാടി യു എ ഇയിലും കൂടുതൽ വിദൂര മേഖലകളിലും സുസ്ഥിര ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കാൻ ഒരുങ്ങുകയാണ്. ഊർജ പരിവർത്തനവുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ കഴിവുള്ള ഉയർന്ന വൈദഗ്ധ്യമുള്ള മാനവ വിഭവശേഷി ഒരുക്കുന്നതിലും, നല്ല മാറ്റത്തിനായി വ്യക്തികളെ പ്രാപ്തരാക്കുന്നതിലും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” ADEK അണ്ടർസെക്രട്ടറി മുബാറക് ഹമദ് അൽ മെയിരി പറഞ്ഞു.
ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയവും, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജും (ADEK), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡൽഹിയും 2023 ജൂലൈയിൽ ഒപ്പുവച്ച ധാരണാപത്ര പ്രകാരമാണ് ഐഐടി-ഡൽഹി അബുദാബി സ്ഥാപിതമായത്.
അബുദാബിയിൽ ആരംഭിക്കാനിരിക്കുന്ന ഐഐടി-ഡൽഹിയുടെ ഇന്റർനാഷണൽ ക്യാമ്പസ് 2024 ജനുവരി മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ഐഐടി-ഡൽഹി ഡയറക്ടർ പിന്നീട് അറിയിച്ചിരുന്നു.
മെക്കാനിക്കൽ, കെമിക്കൽ, സിവിൽ, പെട്രോളിയം, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, എനർജി, എയറോസ്പേസ്, മെറ്റീരിയലുകൾ, മെറ്റലർജി, ഫിസിക്സ് എന്നിവയിൽ നാല് വർഷത്തെ ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ ഭൗതികശാസ്ത്രത്തിലോ രസതന്ത്രത്തിലോ എംഎസ്‌സി യോഗ്യതയുള്ളവർക്ക് ഈ കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഐഐടി-ഡൽഹി അബുദാബിയുടെ കർശനമായ മാനദണ്ഡങ്ങൾ അനുസരിച്ചാണ് കോഴ്‌സിലേക്കുള്ള പ്രവേശനം.
WAM