രാജ്യത്തെ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള രീതിയിലുള്ള അധ്യയനം ലഭിക്കുന്നതിന് രണ്ട് ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്തിരിക്കണമെന്ന നിബന്ധന ഏർപ്പെടുത്തിയതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രണ്ട് ഡോസ് വാക്സിൻ കുത്തിവെപ്പെടുക്കാത്ത വിദ്യാർത്ഥികൾക്ക് വിദൂര പഠനരീതിയിലുള്ള അധ്യയനം ഏർപ്പെടുത്താൻ രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ വകുപ്പുകളോടും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം വിദ്യാർത്ഥികൾക്ക് പഠനം തുടരുന്നതിന് ആവശ്യമായ സംവിധാനങ്ങൾ വിദ്യാലയങ്ങളിൽ ഉറപ്പ് വരുത്താൻ അധികൃതർക്ക് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
വാക്സിനെടുക്കുന്നതിൽ ആരോഗ്യ കാരണങ്ങളാൽ ഔദ്യോഗിക ഇളവ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥികളെ മാത്രമാണ് ഈ നിബന്ധനയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം രണ്ട് ഡോസ് COVID-19 വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താനും, 2021 ഒക്ടോബർ 10 മുതൽ COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചവർക്ക് മാത്രം ‘Tawakkalna’ ആപ്പിൽ ‘ഇമ്മ്യൂൺ’ സ്റ്റാറ്റസ് നൽകുന്നതിനുമുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതോടെ രണ്ട് ഡോസ് പൂർത്തിയാക്കാത്ത വിദ്യാർത്ഥികൾക്ക് സൗദി വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്നതിന് അനുമതി ഉണ്ടായിരിക്കില്ല.