2022 ജനുവരി 11 മുതൽ വിമാനത്താവളങ്ങളിലൂടെയും, മറ്റു പ്രവേശന കവാടങ്ങളിലൂടെയും രാജ്യത്തേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികരുടെ പ്രവേശന മാനദണ്ഡനങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഇന്ത്യൻ അധികൃതർ വ്യക്തമാക്കി. ആഗോള തലത്തിൽ COVID-19 വ്യാപനം രൂക്ഷമായ പാശ്ചാത്തലത്തിലാണ് ഈ തീരുമാനം.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ ഇത് സംബന്ധിച്ച വിജ്ഞാപനം അനുസരിച്ച് ഇന്ത്യയിലെത്തുന്ന മുഴുവൻ യാത്രികർക്കും അവർ യാത്ര പുറപ്പെടുന്ന ഇടം പരിഗണിക്കാതെ തന്നെ ജനുവരി 11 മുതൽ ഏഴ് ദിവസത്തേക്ക് വീട്ടിൽ സ്വയം ക്വാറന്റൈൻ ചെയ്യേണ്ടിവരുന്നതാണ്.
ഈ അറിയിപ്പ് പ്രകാരം, ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന മുഴുവൻ അന്താരാഷ്ട്ര യാത്രികർക്കും ബാധകമാക്കിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ (2021 നവംബർ 30-ന് പുറത്തിറക്കിയ) താഴെ പറയുന്ന മാറ്റങ്ങളാണ് 2022 ജനുവരി 11 പ്രഖ്യാപിച്ചിരിക്കുന്നത്:
- ഇന്ത്യയിലെത്തുന്ന മുഴുവൻ യാത്രികർക്കും 7 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധം. ഇവർക്ക് ഇന്ത്യയിലെത്തി എട്ടാം ദിനം ഒരു RT-PCR ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
- എട്ടാം ദിനം നടത്തുന്ന ഈ RT-PCR പരിശോധനാ ഫലം യാത്രികർ എയർ സുവിധാ പോർട്ടലിൽ അപ്ലോഡ് ചെയ്യേണ്ടതാണ്.
- ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന വേളയിൽ PCR നിർബന്ധമാക്കിയിട്ടുള്ള വിഭാഗങ്ങൾക്ക് ഇത്തരം ടെസ്റ്റുകൾ എയർ സുവിധാ പോർട്ടലിലൂടെ മുൻകൂർ ബുക്ക് ചെയ്യുന്നത് കാലതാമസം ഒഴിവാക്കുന്നതിന് സഹായകമാണ്.
ഈ പുതുക്കിയ നിബന്ധനകൾ 2022 ജനുവരി 11-ന് 12:00am മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. നിലവിൽ, ഉയർന്ന COVID-19 കേസുകൾ ഉള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ മാത്രമാണ് PCR ടെസ്റ്റിന് നിർബന്ധിതമായി പരിശോധിക്കുന്നത്. ഈ പരിശോധനയിൽ പോസിറ്റീവ് ആകുന്നവർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഏർപ്പെടുത്തുന്നതാണ്.
COVID-19 രോഗലക്ഷണങ്ങൾ പ്രകടമാക്കാത്ത അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഇത്തരം ടെസ്റ്റുകൾ ബാധകമാക്കിയിട്ടില്ല. വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് ബാധകമാക്കിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളുടെ പൂർണ്ണ രൂപം https://www.mohfw.gov.in/pdf/RevisedGuidelinesforInternationalArrivalsdated7thJanuary2022.pdf എന്ന വിലാസത്തിൽ ലഭ്യമാണ്.