ഇന്ത്യ – യു എ ഇ CEPA കരാർ: ഒന്നാം വാർഷികത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു

featured UAE

യു എ ഇയും ഇന്ത്യയും തമ്മിൽ 2022 ഫെബ്രുവരി 18-ന് ഒപ്പ് വെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) ഒന്നാം വാർഷികത്തിന്റെ ഭാഗമായി യു എ ഇയിൽ വെച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. 2023 ഫെബ്രുവരി 18-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതിന്റെ ഭാഗമായി യു എ ഇ വിദേശ, വ്യാപാര മന്ത്രാലയത്തിലെ സഹകാര്യ മന്ത്രി ഡോ. താനി ബിൻ അഹ്‌മദ്‌ അൽ സിയൂദി രണ്ട് പ്രത്യേക പരിപാടികളിൽ പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിൽ നടപ്പിലാക്കിയിട്ടുള്ള CEPA കരാറിന്റെയും, ഉഭയകക്ഷി ബന്ധത്തിന്റെയും പ്രാധാന്യത്തിന് അടിവരയിടുന്നതാണിത്.

ഈ പരിപാടികളുടെ ഭാഗമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ (FICCI) നിന്നെത്തിയ പ്രത്യേക പ്രതിനിധിസംഘത്തെ അദ്ദേഹം സ്വാഗതം ചെയ്തു. കയറ്റുമതി മേഖലയിൽ നിന്നുള്ളവരും, സ്റ്റാർട്ട്-ആപ്പ് മേഖലയിൽ നിന്നുള്ളവരും, നിക്ഷേപകരും, വ്യവസായികളും ഉൾപ്പടെ നൂറിലധികം പേർ ഉൾപ്പെടുന്നതാണ് ഈ പ്രതിനിധിസംഘം.

Source: @ThaniAlZeyoudi.

CEPA കരാറിന്റെ ഒന്നാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി, നാല് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് ഈ പ്രതിനിധിസംഘം യു എ ഇയിലെത്തിയിരിക്കുന്നത്. ഇതോടൊപ്പം യു എ ഇ നൽകുന്ന വാണിജ്യ, വ്യവസായ അവസരങ്ങളെക്കുറിച്ച് സമഗ്രപഠനം നടത്തുന്നതിനും, പ്രാദേശിക വ്യവസായികളുമായി ബന്ധം സ്ഥാപിക്കുന്നതിനും, പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും ഇവർക്ക് അവസരം ലഭിക്കുന്നതാണ്.

ഇന്ത്യയുടെ സാമ്പത്തിക അഭിലാഷങ്ങൾ യാഥാർഥ്യമാക്കുന്നതിനായും, CEPA കരാറിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ പുതിയ വ്യാപാരബന്ധങ്ങൾ തുറക്കുന്നതിനും FICCI നൽകുന്ന പിന്തുണകളെ ഡോ. അൽ സിയൂദി പ്രത്യേകം അഭിനന്ദിച്ചു.

Source: WAM.

“1971-ൽ ഒരു സ്വതന്ത്ര രാജ്യമായി യു എ ഇ മാറിയതിന് ശേഷമുള്ള രാജ്യത്തിന്റെ പ്രയാണത്തിലെ ഒരു പുതിയ അധ്യായമാണ് യു എ ഇയും ഇന്ത്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ. ഇരു രാജ്യങ്ങൾക്കും പ്രയോജനകരമായ ഈ കരാർ ആധുനിക യുഗത്തിൽ അന്താരാഷ്ട്ര സഹകരണത്തിന് മാതൃകയാക്കാവുന്ന ഒന്നാണ്. ഈ കരാറിന്റെ ഭാഗമായി, പുത്തൻ അവസരങ്ങളിലേക്ക് ഇരു രാജ്യങ്ങളും സഹകരണം തുടർന്ന് കൊണ്ട് സഞ്ചരിക്കുന്നതിലേക്ക് ഞങ്ങൾ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു.”, അദ്ദേഹം കൂട്ടിച്ചേർത്തു.

യു എ ഇ – ഇന്ത്യ ബന്ധത്തിന്റെ പ്രതിഫലനമാണ് CEPA കരാറിന്റെ ഒന്നാം വാർഷികാഘോഷവേളയെന്ന് ഈ അവസരത്തിൽ യു എ ഇയിലെ ഇന്ത്യൻ അംബാസഡർ ശ്രീ. സഞ്ജയ് സുധീർ അഭിപ്രായപ്പെട്ടു.

Source: Indian Embassy, U.A.E.

“ഇരുരാജ്യങ്ങൾക്കിടയിലുമുള്ള ബന്ധങ്ങളുടെ സുവർണ്ണ കാലഘട്ടമാണിത്. ഇരുരാജ്യങ്ങളുടെയും സമ്പദ്‌ഘടന ഇരുകൂട്ടർക്കും പരസ്പരം എത്രമേൽ പ്രധാനമാണെന്നത് ഈ കരാർ ചൂണ്ടിക്കാട്ടുന്നു. CEPA കരാറിന്റെ പ്രഭാവം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യവസായ, വാണിജ്യ മേഖലകളിൽ ദൃശ്യമാണ്. എന്നാൽ ആവേശമുണര്‍ത്തുന്ന ഈ പുതിയ അധ്യായത്തിന്റെ തുടക്കം മാത്രമാണിത്.”, അദ്ദേഹം അറിയിച്ചു.

Source: Indian Embassy, U.A.E.

ഇന്ത്യൻ വ്യവസായ രംഗത്തിന് ഏറെ പ്രധാനമായ ഒരു പങ്കാളിയാണ് യു എ ഇ എന്ന് FICCI ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നിരാങ്കർ സക്‌സേന അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചിരപുരാതന ബന്ധങ്ങൾക്ക് ഈ കരാറിലൂടെ പുതിയ മാനങ്ങൾ സൃഷ്ടിക്കപ്പെട്ടതായി അദ്ദേഹം അറിയിച്ചു. “ഈ കരാർ നിരവധി പുതിയ അവസരങ്ങളിലേക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളിലെയും സ്വകാര്യ മേഖലയ്ക്ക് നൂതന ആശയങ്ങൾ ഉൾക്കൊള്ളുന്നതിനും, പ്രവർത്തനം വിപുലീകരിക്കുന്നതിനും അവസരം നൽകുന്നു.”, അദ്ദേഹം കൂട്ടിച്ചേർത്തു

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയും, അബുദാബി കിരീടാവകാശിയും, യു എ ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും 2022 ഫെബ്രുവരി 18-ന് വിർച്യുൽ സംവിധാനങ്ങളിലൂടെ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഈ കരാർ ഒപ്പ്‌ വെച്ചത്.

CEPA കരാർ നിലവിൽ വന്നതിന് ശേഷം ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള കയറ്റുമതിയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു.

CEPA നിലവിൽ വന്നതിന് ശേഷം ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള രത്നങ്ങളുടെയും, ആഭരണങ്ങളുടെയും കയറ്റുമതിയിൽ 8.26 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.

ഈ കരാർ മുന്നോട്ട് വെക്കുന്ന വാണിജ്യ അവസരങ്ങൾ ഉപയോഗപ്പെടുത്തിയതിന് കയറ്റുമതി മേഖലയിലുള്ള ഇന്ത്യൻ സംരംഭകരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഏതാനം ദിവസങ്ങൾക്ക് മുൻപ് പ്രശംസിച്ചിരുന്നു.

WAM