യു എ ഇയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള രജിസ്ട്രേഷൻ നടപടികൾ ഇന്ത്യൻ എംബസിയും, ഇന്ത്യൻ കോൺസുലേറ്റും ചേർന്ന് ആരംഭിച്ചു. ഏപ്രിൽ 29 രാത്രി മുതലാണ് രജിസ്ട്രേഷൻ ആരംഭിച്ചത്.
https://www.cgidubai.gov.in/covid_register/ എന്ന ലിങ്ക് വഴി ഈ രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവര ശേഖരണം മാത്രമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് എംബസ്സി അറിയിച്ചിട്ടുണ്ട്. സീറ്റുകൾ ഉറപ്പാക്കുന്നതിനോ, മറ്റു മുൻഗണനകൾക്കോ ഈ രജിസ്ട്രേഷൻ ബാധകമാകില്ലെന്ന് അറിയിപ്പിൽ പറയുന്നുണ്ട്.
കുടുംബാംഗങ്ങൾ, കമ്പനികളിലെ തൊഴിലാളികൾ എന്നിങ്ങനെ ഒന്നിലധികം പേരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ഓരോരുത്തർക്കും വെവ്വേറെയായി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
നാട്ടിലേക്കുള്ള വിമാനങ്ങൾ തുടങ്ങുന്നത് സംബന്ധിച്ച് അറിയിപ്പുകൾ ലഭ്യമാകുമ്പോൾ അവ എംബസ്സി മുഖേനെ അറിയിക്കുമെന്നും, യാത്രകൾ കേന്ദ്ര സർക്കാരിന്റെയും യു എ ഇ സർക്കാരിന്റെയും COVID-19 സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
രജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾക്ക് താഴെ പറയുന്ന മാർഗങ്ങളിലൂടെ അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്.
- പ്രവാസി ഭാരതീയ സഹായതാ കേന്ദ്ര : 80046342 (ടോൾ ഫ്രീ)
- ഇന്ത്യൻ എംബസ്സി COVID-19 ഹെല്പ് ലൈൻ: +971 508995583
- ഇന്ത്യൻ എംബസ്സി ഇമെയിൽ: help.abudhabi@mea.gov.in
- ഇന്ത്യൻ കോൺസുലേറ്റ് COVID-19 ഹെല്പ് ലൈൻ: +971 565463903, 543090575
- ഇന്ത്യൻ കോൺസുലേറ്റ് ഇമെയിൽ: cons2.dubai@mea.gov.in