എക്സ്പോ 2020 ദുബായ് വേദിയിലെ ഇന്ത്യൻ പവലിയൻ സന്ദർശകരെ സ്വീകരിക്കാൻ ഔദ്യോഗികമായി ഒരുങ്ങി. 2021 സെപ്റ്റംബർ 22, ബുധനാഴ്ച്ച നടന്ന പ്രത്യേക ചടങ്ങിൽ യു എ ഇയിലെ ഇന്ത്യൻ അംബാസഡർ H.E. പവൻ കപൂർ ഇന്ത്യൻ പവലിയൻ ഔദ്യോഗികമായി അനാവരണം ചെയ്തു.
ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം, സാങ്കേതിക രംഗത്തെ നേട്ടങ്ങൾ എന്നിവ എടുത്ത് കാട്ടുന്ന രീതിയിലാണ് എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയൻ നിർമ്മിച്ചിരിക്കുന്നത്. ലോക എക്സ്പോ വേദിയിലെത്തുന്ന ദശലക്ഷക്കണക്കിന് സന്ദർശകരെ സ്വീകരിക്കാൻ ഇന്ത്യൻ പവലിയൻ പൂർണ്ണസജ്ജമായതായി അംബാസഡർ പ്രത്യേക പത്രസമ്മേളനത്തിൽ വ്യക്തമാക്കി. നൂതനമായ രൂപകല്പന, നിരവധിയായ കലാപരിപാടികൾ, പ്രത്യേക ചടങ്ങുകൾ എന്നിവയാൽ സന്ദർശകർക്ക് മറക്കാനാകാത്ത ഒരു അനുഭവം സൃഷ്ടിക്കുന്നതിനായി ഇന്ത്യൻ പവലിയൻ ഒരുങ്ങിയതായി അദ്ദേഹം വ്യക്തമാക്കി.
വിവിധ വർണ്ണങ്ങളിലുള്ള 600 ബ്ലോക്കുകളാൽ നവീനമായ രീതിയിൽ നിർമ്മിച്ചിട്ടുള്ള ചലിക്കുന്ന മുഖപ്പ് ഇന്ത്യൻ പവലിയന്റെ പ്രത്യേകതയാണ്. ഒരു അച്ചുതണ്ടിൽ കറങ്ങുന്ന രീതിയിൽ തയ്യാറാക്കിയിട്ടുള്ള ഈ ബ്ലോക്കുകൾ ചിത്രവേല പോലെ വിവിധ പ്രമേയങ്ങൾ പ്രദർശിപ്പിക്കുന്നു. ഇന്ത്യ മുന്നോട്ട് കുതിക്കുന്നു എന്ന ആശയത്തിലൂന്നിയാണ് ഈ പവലിയനു രൂപം നൽകിയിരിക്കുന്നത്.
ഇന്ത്യയുടെ പ്രാചീന ചരിത്രം, പുരാതന നിർമ്മിതികൾ, സാംസ്‌കാരിക ചിഹ്നങ്ങൾ എന്നിവ എടുത്ത് കാട്ടുന്ന രീതിയിലാണ് ഇന്ത്യൻ പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്. ഏതാണ്ട് 4614 സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള ഇന്ത്യൻ പവലിയൻ ഇതുവരെയുള്ള അന്താരാഷ്ട്ര പ്രദർശനങ്ങളിൽ ഇന്ത്യയുടെ ഏറ്റവും വലിയ പവലിയനാണ്.
ഇന്ത്യൻ പവലിയനിലെ സ്റ്റാർട്ടപ്പുകളുടെ വിഭാഗം ഇന്ത്യയിലെ ഏതാണ്ട് അമ്പതിനായിരത്തിൽ പരം സ്റ്റാർട്ടപ്പ് സ്ഥാപനങ്ങൾക്ക് നിക്ഷേപകരെ കണ്ടെത്തുന്നതിനുള്ള അവസരമൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ഇന്നോവേഷൻ ഹബ് എന്ന പേരിൽ ഇന്ത്യൻ പവലിയനിൽ പ്രത്യേകം ഒരുക്കിയിട്ടുള്ള വേദി, രാജ്യത്തെ കുശാഗ്രബുദ്ധികളായവർക്ക് ആഗോളതലത്തിലുള്ള സമാനരീതിയിലുള്ളവരുമായി സംവദിക്കുന്നതിന് അവസരമൊരുക്കുന്നതാണ്.
എക്സ്പോ 2020 ദുബായ് നടക്കുന്ന കാലയളവിൽ ഇന്ത്യൻ പവലിയനിൽ ഒരുക്കിയിട്ടുള്ള വിവിധ പരിപാടികളുടെ വിവരങ്ങൾ https://indiaexpo2020.com/schedule എന്ന വിലാസത്തിൽ ലഭ്യമാണ്. https://indiaexpo2020.com/21st_September_India_Events_Calendar.pdf എന്ന വിലാസത്തിൽ നിന്ന് ഇത് പി ഡി എഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.