സംസ്ഥാനത്ത് 19 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. ഇതിൽ 126 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്.
കണ്ണൂരിൽ ഒമ്പതു പേർക്ക് ഇന്നു രോഗം സ്ഥിരീകരിച്ചു. കാസർകോഡ് – 3, മലപ്പുറം – 3, തൃശൂർ – 2, ഇടുക്കി – 1, വയനാട് – 1 എന്നിങ്ങനെയാണു മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിലവിൽ 1,20,003 പേർ സംസ്ഥാനത്ത് കോവിഡ് സംശയത്തെത്തുടർന്നു നിരീക്ഷണത്തിലുണ്ട്. ഇതിൽ 1,01,402 പേർ വീടുകളിലും 601 പേർ ആശുപത്രിയിലും ഐസൊലേഷനിലാണ്. 136 പേരെ പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളത്ത് ചികിത്സയിലിരുന്ന മൂന്ന് കണ്ണൂർ സ്വദേശികളും രണ്ടു വിദേശ പൗരൻമാരും രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു. പത്തനംതിട്ടയിൽ ചികിത്സയിലിരുന്ന ഒരാളുടെ പരിശോധനാ ഫലം നെഗറ്റിവായതായും മുഖ്യമന്ത്രി അറിയിച്ചു.