കേരളത്തിൽ 8 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

Kerala News

കേരളത്തിൽ എട്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

കോഴിക്കോട് ജില്ലയിൽ 5 പേർക്കും പത്തനംതിട്ട, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരികരിച്ചത്. കോഴിക്കോട് ജില്ലയിൽ രോഗം ബാധിച്ചവരിൽ 4 പേർ നിസാമുദ്ദീനിൽ നിന്നും ഒരാൾ ദുബായിൽ നിന്നാണെത്തിയത്. പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചയാൾ ഡൽഹിയിൽ നിന്നും വന്നതാണ്. കണ്ണൂർ, കാസർഗോഡ് ജില്ലയിലുള്ളവർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.

ഇതുവരെ നിസാമുദ്ദീനിൽ നിന്നും വന്ന 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കേരളത്തിൽ 314 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 6 പേരുടെ പരിശോധനാ ഫലം ഞായറാഴ്ച നെഗറ്റീവ് ആയി. കണ്ണൂർ ജില്ലയിൽ 4 പേരുടെയും തിരുവനന്തപുരം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളിൽ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവിൽ 256 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതുവരെ ആകെ 56 പേർ രോഗമുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,58,617 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,57,841 പേർ വീടുകളിലും 776 പേർ ആശുപത്രികളിലുമാണ്. 188 പേരെയാണ് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 10,221 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ ലഭ്യമായ 9,300 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.