ഗൃഹനിരീക്ഷണം 28 ദിവസം കര്‍ശനം

Kerala News

കോവിഡ്- 19 രോഗബാധ ലോകമൊട്ടാകെ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നു. എല്ലാ രോഗബാധിത രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് കര്‍ശനമായ 28 ദിവസത്തെ ഗൃഹ നിരീക്ഷണമാണ് ലോകാരോഗ്യ സംഘടനയുടെ പുതുക്കിയ പ്രോട്ടോക്കോള്‍ പ്രകാരം നിര്‍ദേശിച്ചിരിക്കുന്നത്. ഗൃഹ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വീട്ടിനുള്ളിലും കര്‍ശനമായ സ്വയം കരുതല്‍ എടുക്കണമെന്നും ആവശ്യമെങ്കില്‍ ഭക്ഷണവും മരുന്നുകളും വീട്ടില്‍ എത്തിച്ചു കൊടുക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പൊതു നിര്‍ദേശങ്ങള്‍:

  • ഗൃഹനിരീക്ഷണം 28 ദിവസമാണ്
  • സന്ദര്‍ശകരെ യാതൊരു കാരണവശാലും അനുവദിക്കരുത്
  • വായുസഞ്ചാരമുള്ളതും ബാത്ത് റൂം സൗകര്യമുള്ളതുമായ മുറിയാണ് നല്ലത്
  • വീട്ടിലെ മറ്റംഗങ്ങളുമായി പരമാവധി സമ്പര്‍ക്കം ഒഴിവാക്കുക. സംസാരിക്കുന്ന ആളുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കുക
  • ആരോഗ്യമുള്ള ഒരാള്‍ മാത്രമേ  പരിചരണത്തില്‍ ഏര്‍പ്പെടാവൂ.
  • കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവര്‍ ഒരു കാരണവശാലും അടുത്തിടപഴക്കരുത്
  • വസ്ത്രങ്ങളും മറ്റും ബ്ലീച്ചിംഗ് ലായനിയില്‍ കുറഞ്ഞത് 20 മിനിറ്റെങ്കിലും മുക്കി വച്ചതിനു ശേഷം കഴുകണം
  • രോഗി ഉപയോഗിച്ച സാധനങ്ങള്‍ പങ്കു വയ്ക്കരുത്
  • ഇടയ്ക്കിടെ കൈകളും മുഖവും സോപ്പുപയോഗിച്ച് ശുദ്ധജലത്തില്‍ കഴുകണം
  • ശ്വാസകോശ രോഗങ്ങളുമായി ആശുപത്രിയിലെത്തുന്നവരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരും അവരെ പരിചരിക്കുന്നവരും മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയാകും
  • പരിചരിക്കുന്നവര്‍ ആ സമയത്ത് മാത്രം മാസ്‌ക് ധരിച്ചാല്‍ മതി. ഒരു മാസ്‌ക് ആറു മണിക്കൂറില്‍ കൂടുതല്‍ ധരിക്കരുത്.
  • മാസ്‌കുകള്‍ ഉപയോഗശേഷം  ശരിയായി സംസ്‌കരിക്കണം
  • നിരീക്ഷണത്തിലുള്ളവര്‍ മാസ്‌ക് ലഭ്യമല്ലെങ്കില്‍  ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വൃത്തിയുള്ള തൂവാല / ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം.