സംസ്ഥാനത്തെ മുഴുവൻ തരിശുഭൂമിയിലും കൃഷിയിറക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമുള്ള കൃഷിവകുപ്പിന്റെ ബൃഹദ്പദ്ധതി അടുത്ത മാസം ആരംഭിക്കും. കാർഷിക മേഖലയിലെ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനായി ആദ്യ വർഷം മൂവായിരം കോടി രൂപ ചെലവഴിക്കും.
തദ്ദേശസ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവയുടെ പദ്ധതി വിഹിതത്തിൽ നിന്നാണ് 1500 കോടി രൂപ വിനിയോഗിക്കുക. ബാക്കിയുള്ള തുക നബാർഡ്, സഹകരണ മേഖല എന്നിവിടങ്ങളിൽ നിന്നുള്ള വായ്പയായിരിക്കും. പദ്ധതി വിജയിപ്പിക്കുന്നതിനായി യുവജന ക്‌ളബുകൾ രൂപീകരിക്കും. കാർഷിക മേഖലയ്ക്ക് പുതുജീവൻ നൽകി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
വിദേശത്ത് നിന്ന് മടങ്ങുന്ന പ്രവാസികളെയും യുവജനങ്ങളെയും കാർഷിക മേഖലയിലേക്ക് ആകർഷിക്കും. കൃഷി വകുപ്പ് തയ്യാറാക്കിയ കരടു പദ്ധതി മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗം ചർച്ച ചെയ്തു. പദ്ധതിക്ക് അന്തിമരൂപം ഉടൻ നൽകി നടപ്പാക്കാനാണ് തീരുമാനം.
ഇതോടൊപ്പം കന്നുകാലി സമ്പത്ത് വർധനയ്ക്കും മത്‌സ്യകൃഷി അഭിവൃദ്ധിയ്ക്കും മുട്ട, പാൽ ഉത്പാദനത്തിനും പ്രാധാന്യം നൽകും. ഇതനുസരിച്ച് തദ്ദേശസ്ഥാപനങ്ങൾ വാർഷിക പദ്ധതിയിൽ മേയ് 15നകം മാറ്റം വരുത്തണം. ഓരോ പഞ്ചായത്തിലെയും തരിശുഭൂമിയുടെ വിശദാംശം സർക്കാരിന്റെ പക്കലുണ്ട്. തോട്ടഭൂമിയും പാടങ്ങളുമുൾപ്പെടെ 1,09,000 ഹെക്ടർ തരിശുഭൂമിയുണ്ടെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്.
തരിശുഭൂമിയിൽ ഉടമയ്ക്ക് തന്നെ കൃഷി നടത്താം. ഉടമയ്ക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ അവരെക്കൂടി പങ്കാളികളാക്കി സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, പഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള കമ്മിറ്റികൾ എന്നിവയ്ക്ക് കൃഷി നടത്താം. കൃഷി വകുപ്പിനൊപ്പം മറ്റു വകുപ്പുകളും പദ്ധതിയിൽ പങ്കാളികളാവും.
കൃഷി നടത്തുന്നവർക്ക് വായ്പ, സബ്‌സിഡി പിന്തുണയുമുണ്ടാവും. പലിശരഹിത, കുറഞ്ഞ പലിശ വായ്പകൾ സഹകരണ സംഘങ്ങൾ നൽകും. ഇതോടൊപ്പം പച്ചക്കറി കൃഷിയും വർധിപ്പിക്കും. ഇതിനായി ശീതീകരണ സംവിധാനങ്ങളും ഏർപ്പെടുത്തും. അടുത്ത ജൂൺ, സെപ്റ്റംബർ മാസങ്ങളിൽ വിളവ് ലഭിക്കുന്ന വിധത്തിൽ ഹ്രസ്വകാല ഇടപെടലുണ്ടാവും. ജലസേചനത്തിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ദീർഘകാല പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
തരിശുഭൂമി അല്ലാതെയുള്ള 1,40,000 ഹെക്ടർ സ്ഥലത്ത് ഇടവിള കൃഷിയും നടത്തും. ഗ്രാമങ്ങളിലും പട്ടണങ്ങളിലും കുടുംബശ്രീ, കാർഷിക സംഘങ്ങൾ എന്നിവരുടെ കാർഷിക ചന്തകൾ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റൽ മാർക്കറ്റിംഗ് സംവിധാനവും വിനിയോഗിക്കും. കാർഷികോത്പന്നങ്ങളിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിന് ഊന്നൽ നൽകും.