കുവൈറ്റ്: ഫാമിലി വിസകൾ അടുത്ത വർഷം പുനരാരംഭിക്കുമെന്ന് സൂചന

GCC News

രാജ്യത്തെ പ്രവാസികൾക്ക് ഫാമിലി വിസ അനുവദിക്കുന്ന നടപടികൾ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അടുത്ത വർഷം പുനരാരംഭിക്കുമെന്ന് സൂചന. മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

2024 ആദ്യത്തോടെ ആർട്ടിക്കിൾ 22 വിസ അപേക്ഷകൾ പുനരാരംഭിക്കുന്നതിന്റെ സാധ്യതകൾ മന്ത്രാലയം വിശകലനം ചെയ്യുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ലഭിക്കുന്ന സൂചനകൾ അനുസരിച്ച് ഡോക്ടർ, യൂണിവേഴ്സിറ്റി പ്രൊഫസർ തുടങ്ങിയ ഏതാനം വിഭാഗങ്ങളിൽപ്പെടുന്ന പ്രവാസികൾക്കായിരിക്കും ഇത്തരം വിസകൾ അനുവദിക്കുന്നത്.

ഇത് സംബന്ധിച്ച മാനദണ്ഡങ്ങൾ പ്രഖ്യാപിക്കുന്നതിനായുള്ള ഒരു കമ്മിറ്റിയ്ക്ക് അടുത്ത് തന്നെ മന്ത്രാലയം രൂപം നൽകുമെന്നാണ് കരുതുന്നത്. പ്രവാസികൾക്ക് പുതിയ ഫാമിലി, വിസിറ്റ് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ കുവൈറ്റ് 2022 ഓഗസ്റ്റിൽ താത്കാലികമായി നിർത്തലാക്കിയതായിരുന്നു.