ഒമാൻ: സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈസൻസ് കൂടാതെ മാർക്കറ്റിംഗ് നടത്തുന്നവർക്കെതിരെ നടപടി

featured GCC News

രാജ്യത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈസൻസ് കൂടാതെ മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു. 2023 ഡിസംബർ 6-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

രാജ്യത്ത് സമൂഹ മാധ്യമങ്ങളിലൂടെയും, വെബ്സൈറ്റുകളിലൂടെയും മാർക്കറ്റിംഗ് പ്രവർത്തനങ്ങളും, പ്രചാരണ പരിപാടികളും നടത്തുന്നതിന് പ്രത്യേക ലൈസൻസ് നിർബന്ധമാണ്. ഇത്തരം ലൈസൻസ് ഇല്ലാതെ മാർക്കറ്റിംഗ് പ്രവർത്തനങ്ങളും, പ്രചാരണ പരിപാടികളും നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒമാനിൽ ഏതാനം മാർക്കറ്റിംഗ് സ്ഥാപനങ്ങളും, വ്യക്തികളും ഈ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നതായി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക ലൈസൻസ് ഇല്ലാതെയാണ് ഇത്തരം സ്ഥാപനങ്ങൾ ഈ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും, ഇത് നിയമലംഘനമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഈ നിയമലംഘകരെ മന്ത്രാലയം വിളിച്ച് വരുത്തിയതായും, ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്. മാർക്കറ്റിംഗ് പ്രവർത്തനങ്ങളും, പ്രചാരണ പരിപാടികളും നടത്തുന്നവർ തങ്ങളുടെ കൈവശം സാധുതയുള്ള ലൈസൻസ് നമ്പർ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.