കഴിഞ്ഞ നാല് വർഷത്തിനിടയിൽ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി (MBRL) സന്ദർശിച്ചവരുടെ എണ്ണം 2.5 ദശലക്ഷം കടന്നതായി അധികൃതർ അറിയിച്ചു. 2026 ജൂൺ 15-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
The Mohammed bin Rashid Library (MBRL) welcomes 2.5 Million visitors in four years. The library's membership base has surpassed 41,000 members across various categories, while total book loans have exceeded 53,000. The library houses more than 1.3 billion digital knowledge… pic.twitter.com/71P1wYMWIv
— Dubai Media Office (@DXBMediaOffice) June 15, 2026
2022 ജൂൺ 13-നാണ് മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയായ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തത്. ഈ ലൈബ്രറി ഉദ്ഘാടനം ചെയ്ത് നാല് വർഷം പിന്നിടുന്ന വേളയിലാണ് MBRL സന്ദർശിച്ചവരുടെ എണ്ണം 2.5 ദശലക്ഷം കടന്നതായി അധികൃതർ അറിയിച്ചത്.
മേഖലയിലെ പ്രമുഖ സാംസ്കാരിക, വിജ്ഞാന സ്ഥാപനങ്ങളിലൊന്നെന്ന നിലയിലുള്ള MBRL-ന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതും സംസ്കാരം, നവീകരണം, ആജീവനാന്ത പഠനം എന്നിവയ്ക്കുള്ള ആഗോള കേന്ദ്രമായി മാറാനുള്ള ദുബായിയുടെ ദർശനത്തിന് പ്രധാന സംഭാവന നൽകുന്നതുമായ നിരവധി നേട്ടങ്ങളുടെ ആഘോഷമാണിത്. നിലവിൽ ഈ ലൈബ്രറിയുടെ അംഗങ്ങളുടെ എണ്ണം വിവിധ വിഭാഗങ്ങളിലായി 41,000 കടന്നിട്ടുണ്ട്.
90-ലധികം ഭാഷകളിലായി 1.3 ബില്യണിലധികം ഡിജിറ്റൽ വിജ്ഞാന ഉറവിടങ്ങളും, ഏകദേശം 760,000 അച്ചടിച്ച മെറ്റീരിയലുകളും ഉൾപ്പെടുന്നതാണ് മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി. ഉദ്ഘാടനത്തിന് ശേഷം ഇതുവരെ ഏകദേശം 11,000 നയതന്ത്ര, ഔദ്യോഗിക, സ്ഥാപന, സ്കൂൾ പ്രതിനിധി സന്ദർശനങ്ങൾക്ക് MBRL ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
അതേസമയം ഈ ലൈബ്രറിയിൽ നിന്നുള്ള മൊത്തം പുസ്തക വായ്പകൾ 53,000 കടന്നിട്ടുണ്ട്. മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയുടെ വൈവിധ്യമാർന്ന സേവനങ്ങൾ, ശേഖരണങ്ങൾ, പരിപാടികൾ എന്നിവയുമായുള്ള വർദ്ധിച്ചുവരുന്ന പൊതുജന ഇടപെടലിനെ പ്രതിഫലിപ്പിക്കുന്നതാണ് ഈ കണക്കുകൾ.
മേഖലയിലെ ഏറ്റവും സമഗ്രമായ വിജ്ഞാന ആവാസവ്യവസ്ഥകളിലൊന്നാണ് മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി. എല്ലാ പ്രായത്തിലുമുള്ള വായനക്കാർക്കും, ഗവേഷകർക്കും, വിദ്യാർത്ഥികൾക്കും, വിജ്ഞാന അന്വേഷകർക്കും സേവനം നൽകുന്ന ഒമ്പത് പ്രത്യേക ലൈബ്രറികളും ഒരു ഇൻഫർമേഷൻ സെന്ററും ഇതിന്റെ സൗകര്യങ്ങളിൽ ഉൾപ്പെടുന്നു.
ഏതാണ്ട് ഒരു ബില്യൺ ദിർഹം ചെലവഴിച്ചാണ് ഈ ലൈബ്രറി നിർമ്മിച്ചിരിക്കുന്നത്. ഏഴ് നിലകളിലായി നിർമ്മിച്ചിരിക്കുന്ന മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി കെട്ടിടത്തിന് ഒരു ദശലക്ഷം സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുണ്ട്.
ആറ് വർഷമെടുത്താണ് ഈ ഗ്രന്ഥശാലയുടെ നിർമ്മാണം പൂർത്തിയാക്കിയത്. മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയുടെ മുഴുവൻ പ്രവർത്തന മേഖലകളിലും – പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതും, കണ്ടെത്തുന്നതും, വായിക്കുന്നതിനായി പുസ്തകം നൽകുന്നതും, പുസ്തകം തിരികെ മേടിക്കുന്നതും ഉൾപ്പടെ – ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ദൈനംദിന പ്രവർത്തനങ്ങൾക്കായി കൃത്രിമബുദ്ധിയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന പശ്ചിമേഷ്യന്‍ മേഖലയിലെ ആദ്യ ഗ്രന്ഥശാലയാണിത്.
ഈ ഗ്രന്ഥശാലയിൽ മൾട്ടീമീഡിയ ശേഖരങ്ങൾക്കൊപ്പം പുരാതനമായ കയ്യെഴുത്ത്പ്രതികൾ, മറ്റു വിലപിടിച്ച വസ്തുക്കൾ എന്നിവയും സൂക്ഷിച്ചിട്ടുണ്ട്.
ഇതിന് പുറമെ സാഹിത്യപരവും, ചരിത്രപരവും, ബൗദ്ധികപരവുമായ വിഷയങ്ങളും, റഫറൻസുകളും ഉൾപ്പടെ അറബിയിലും, ഇംഗ്ലീഷിലുമുള്ള രണ്ടായിരത്തിലധികം ബ്രെയിൽ പുസ്തകങ്ങൾ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിലെ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ സെന്ററിൽ ലഭ്യമാണ്.
Cover Image: Dubai Media Office.

