യു എ ഇ: ഒരു ദശലക്ഷത്തിൽ പരം ഡോസ് COVID-19 വാക്സിൻ നൽകിയതായി MoHAP

UAE

രാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യു എ ഇയിലെ പൗരന്മാർക്കും, നിവാസികൾക്കും കൊറോണ വൈറസ് രോഗപ്രതിരോധശക്തി വളർത്തുന്നതിനും, വൈറസ് വ്യാപനം തടയുന്നതിനുമായി ഇതുവരെ ആകെ ഒരു ദശലക്ഷത്തിൽ പരം ഡോസ് വാക്സിൻ കുത്തിവെപ്പ് നൽകിയതായി മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവെൻഷൻ (MoHAP) വ്യക്തമാക്കി. രാജ്യവ്യാപകമായി ഇതുവരെ 1086568 ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 66219 പേർക്ക് വാക്സിൻ കുത്തിവെപ്പ് നൽകിയതായും MoHAP വ്യക്തമാക്കി. യു എ ഇയിലെ ആകെ ജനസംഖ്യയുടെ 50 ശതമാനത്തിലധികം പേർക്ക് വാക്സിൻ നൽകുന്നതിനാണ് MoHAP ലക്ഷ്യമിടുന്നത്.

ഇതുവരെ രണ്ടരലക്ഷത്തിൽ പരം പേർ യു എ ഇയിൽ COVID-19 രണ്ട് ഡോസ് വീതം വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായും MoHAP അറിയിച്ചു. COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിര പോരാളികൾക്ക് വാക്സിൻ നൽകിവരുന്നതായും MoHAP കൂട്ടിച്ചേർത്തു. രാജ്യത്തെ പൗരന്മാരും താമസക്കാരുമടക്കം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വാക്സിൻ ലഭ്യമാണ്. പ്രായമായവരും, വിട്ടുമാറാത്ത രോഗങ്ങളുള്ളവരും വാക്സിനേഷനിൽ പ്രത്യേകമായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു.

യു എ ഇയിലെ പൗരന്മാർക്കും, നിവാസികൾക്കും വാക്സിൻ സൗജന്യമായി നൽകുന്നതിനായി ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും ആരോഗ്യ മന്ത്രാലയത്തിന്റെയും, മറ്റു ആരോഗ്യ വകുപ്പുകളുടെയും നേതൃത്വത്തിൽ നടന്നുവരുന്നതായും അധികൃതർ വ്യക്തമാക്കി. ഇതിനായി രാജ്യത്തെ പൊതു, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും അധികൃതർ നടപ്പിലാക്കിയിട്ടുണ്ട്.