ഒമാനിലെ 2021-2022 അധ്യയന വർഷം: ഏഴ് ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഇന്ന് മുതൽ വിദ്യാലയങ്ങളിൽ തിരികെയെത്തും

featured GCC News

ഒമാനിലെ വിദ്യാലയങ്ങളിലെ 2021-2022 അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ഏഴ് ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഇന്ന് (2021 സെപ്റ്റംബർ 19, ഞായറാഴ്ച്ച) മുതൽ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്നതാണ്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള എല്ലാ നടപടികളും വിദ്യാലയങ്ങളിൽ പൂർത്തിയായതായും, വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന എന്നും ഒമാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി H.E. ഡോ. മദിഹ അൽ ഷൈബാനി വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ രാജ്യത്തെ COVID-19 സാഹചര്യത്തിനനുസരിച്ച് ക്രമീകരിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ്, മറ്റു വകുപ്പുകളുമായി ചേർന്ന് നിതാന്ത ജാഗ്രത പുലർത്തുമെന്നും അവർ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിക്കുന്ന കണക്കുകൾ പ്രകാരം 1204 പൊതു വിദ്യാലയങ്ങളിൽ നിന്നായി 702568 വിദ്യാർത്ഥികളാണ് ഞായറാഴ്ച്ച മുതൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിൽ ഒമാനിലെ വിദ്യാലയങ്ങളിലെത്തുന്നത്.

വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ മികച്ചതാക്കുന്നത് ലക്ഷ്യമിട്ടുള്ള ഒരു കർമ്മപദ്ധതിയ്ക്ക് രൂപം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇലക്ട്രോണിക് പഠന സമ്പ്രദായം അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ കൈക്കൊള്ളുന്നതാണെന്നും അവർ അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി കർശനമായ COVID-19 സുരക്ഷാ മുൻകരുതലുകളാണ് ഒമാനിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കിയിട്ടുള്ളത്.

കഴിഞ്ഞ രണ്ട് വർഷത്തോളമായി വിദ്യാർത്ഥികൾക്ക് നഷ്ടമായിരുന്ന നേരിട്ടുള്ള അധ്യയനം പൂർണ്ണ സുരക്ഷ ഉറപ്പ് വരുത്തിക്കൊണ്ട് നൽകുന്നതിനായുള്ള സമഗ്രമായ തയ്യാറെടുപ്പുകൾ മന്ത്രാലയം കൈക്കൊണ്ടിട്ടുണ്ടെന്നും, ഇതിനു അനുസൃതമായാണ് ഈ വർഷത്തെ പാഠ്യപദ്ധതിയ്ക്ക് രൂപം കൊടുത്തിട്ടുള്ളതെന്നും അവർ വ്യക്തമാക്കി.

ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള അധ്യയനം ഒക്ടോബർ ആദ്യ വാരം മുതൽ ആരംഭിക്കും.

2021-2022 അധ്യയന വർഷത്തിൽ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ ഒക്ടോബർ ആദ്യ വാരം മുതൽ നേരിട്ടുള്ള അധ്യയനത്തിനായി വിദ്യാലയങ്ങളിലെത്തുന്നതാണെന്ന് ഇന്ത്യൻ സ്കൂൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളെയും, അധ്യാപകരെയും പടിപടിയായി വിദ്യാലയങ്ങളിൽ പ്രവേശിപ്പിക്കുന്നതിനുള്ള ഒരു രൂപരേഖ തയ്യാറാക്കിയതായും അവർ അറിയിച്ചു.

12 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ വിദ്യാർത്ഥികൾ, അധ്യാപകർ, സ്‌കൂൾ ജീവനക്കാർ, സ്‌കൂളുകളിലെത്തുന്ന രക്ഷിതാക്കൾ, മറ്റു സന്ദർശകർ തുടങ്ങിയവർക്ക് COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും നിർബന്ധമാണ്.

2021-2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ, മറ്റു ജീവനക്കാർ തുടങ്ങിയവർ 2021 സെപ്റ്റംബർ 12 മുതൽ ജോലിയിലെ തിരികെ പ്രവേശിച്ചിരുന്നു.

Cover Photo: Oman News Agency.