ബ്രാൻഡ് ദുബായ്, RTA എന്നിവർ ജുമേയ്‌റയുടെ സൃഷ്‌ടിപരമായ അന്തരീക്ഷം സമ്പന്നമാക്കുന്നതിനായി കലാസൃഷ്‌ടികൾ സ്ഥാപിക്കുന്നു

UAE

ദുബായ് മീഡിയ ഓഫീസിന്റെ കീഴിലുള്ള ബ്രാൻഡ് ദുബായ്, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) എന്നിവർ സംയുക്തമായി ജുമേയ്‌റയിലെ പൊതു ഇടങ്ങളിൽ ഏതാനം കലാസൃഷ്‌ടികൾ സ്ഥാപിക്കുമെന്ന് അറിയിച്ചു. ജുമേയ്‌റയുടെ സൃഷ്‌ടിപരമായ അന്തരീക്ഷം സമ്പന്നമാക്കുന്നതിനായാണ് ഈ നടപടി.

ജുമേയ്‌റ മേഖലയെ ദുബായിലെ ഒരു പ്രധാന സാമൂഹിക, സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റുന്നത് ലക്ഷ്യമിട്ട് 2018 മുതൽ ആരംഭിച്ചിട്ടുള്ള പ്രത്യേക പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് ഈ തീരുമാനം. ഇതിന്റെ ഭാഗമായി മേഖലയിലെത്തുന്ന സന്ദർശകരെ കാത്തിരിക്കുന്ന ദൃശ്യവൈവിധ്യങ്ങളുടെ ചൂണ്ടുപലക എന്ന രീതിയിലാണ് ഈ കലാസൃഷ്‌ടികൾ സ്ഥാപിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര കലാകാരൻമാർ രൂപം കൊടുത്ത എട്ട് കലാസൃഷ്‌ടികളാണ് ഈ പദ്ധതിയുടെ കീഴിൽ സ്ഥാപിക്കുന്നത്.

ദുബായ് കനാൽ മുതൽ ജുമേയ്‌റ അൽ നസീം വരെയുള്ള ജുമേയ്‌റ റോഡിലുള്ള തിരഞ്ഞെടുത്ത ബസ് സ്റ്റോപ്പുകളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.

ജുമേയ്‌റ മേഖലയുടെ ചരിത്രത്തിലൂടെയുള്ള യാത്രയുടെ വിവിധ ഘട്ടങ്ങൾ ആഖ്യാനം ചെയ്യുന്ന ഈ കലാസൃഷ്‌ടികൾ ദുബായിയുടെ പൂര്‍വ്വകാലത്തെയും, വര്‍ത്തമാനകാലത്തെയും തമ്മിലിണക്കുന്നതിൽ മേഖല വഹിക്കുന്ന പ്രാധാന്യത്തെ ആഘോഷിക്കുന്നു.

Photos: Dubai Media Office