എമിറേറ്റിലെ 2022-2023 ക്രൂയിസ് സീസൺ 2022 ഒക്ടോബർ 29 മുതൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. 2022-2023 സീസണിൽ മാത്രം ക്രൂയിസ് കപ്പലുകളിലെത്തുന്ന ഏതാണ്ട് ഒമ്പത് ലക്ഷത്തോളം വിനോദസഞ്ചാരികളെ സ്വീകരിക്കാൻ എമിറേറ്റ് ഒരുങ്ങിയതായി മീഡിയ ഓഫീസ് വ്യക്തമാക്കി.
2022 ഒക്ടോബർ 29-ന് ഈ സീസണിലെ ആദ്യ ക്രൂയിസ് കപ്പലായ ‘Mein Schiff 6’ (TUI Cruises കമ്പനിയുടെ കീഴിലുള്ള കപ്പൽ) മിന റാഷിദിലെ ഹംദാൻ ബിൻ മുഹമ്മദ് ക്രൂയിസ് ടെർമിനലിൽ നങ്കൂരമിടുന്നതാണ്. 2022-2023 സീസണിൽ മിന റാഷിദ്, ദുബായ് ഹാർബർ തുറമുഖങ്ങളിലായി ഏതാണ്ട് 166 ക്രൂയിസ് കപ്പലുകൾ ദുബായിലെത്തുന്നതാണ്.
“2022-2023 സീസണിൽ ക്രൂയിസ് ടൂറിസം മേഖലയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ഇടം എന്ന നേട്ടം കൈവരിക്കുന്നതിൽ എമിറേറ്റിനെ സഹായിക്കുന്നതായിരിക്കും.”, ദുബായ് ബോർഡർ സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ H.H. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. “ദുബായിലെ ടൂറിസം മേഖലയിൽ ക്രൂയിസ് കപ്പലുകൾക്കുള്ള സ്ഥാനം ഏറെ വലുതാണ്. എമിറേറ്റിലെ നൂതനമായ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയിട്ടുള്ള പോർട്ടുകൾ ലോകത്തെ തന്നെ ഏറ്റവും വലിയ ക്രൂയിസ് കപ്പലുകളെ ഉൾക്കൊള്ളാൻ പ്രാപ്തമാണ്.”, അദ്ദേഹം കൂട്ടിച്ചേർത്തു.