ദുബായ്: റോഡിൽ തടസമുണ്ടാക്കുന്ന രീതിയിൽ പള്ളികൾക്കരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് പോലീസ് മുന്നറിയിപ്പ് നൽകി

UAE

എമിറേറ്റിലെ പള്ളികൾക്കരികിൽ റോഡിൽ തടസമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. പള്ളികളിൽ പ്രാർത്ഥനകൾക്കായെത്തുന്നവരോട് – പ്രത്യേകിച്ചും റമദാനിലെ അവസാന 10 ദിനങ്ങളിൽ രാത്രി പ്രാർഥനകൾക്കെത്തുന്നവർ – മാർഗ്ഗതടസമുണ്ടാക്കുന്ന തരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

പള്ളികൾക്കരികിലെ റോഡുകളിൽ വാഹനങ്ങൾ പതിയെ ഓടിക്കണമെന്നും, ഇത്തരം റോഡുകളിൽ തടസമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ദുബായ് പോലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്‌റൂഇ അറിയിച്ചു. മറ്റു വാഹനങ്ങൾക്ക് തടസം സൃഷ്ടിച്ച് കൊണ്ട് അവയ്ക്ക് പിറകിൽ പാർക്ക് ചെയ്യുക, റോഡുകൾ തടഞ്ഞ് കൊണ്ട് പാർക്ക് ചെയ്യുക, പാർക്കിംഗ് ഇടങ്ങളിലേക്കും, പുറത്തേക്കുമുള്ള മാർഗങ്ങൾ തടസപ്പെടുത്തുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുക, നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുക മുതലായ ശീലങ്ങൾ ഒഴിവാക്കാൻ അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

ഇത്തരം തെറ്റായ ശീലങ്ങൾ മറ്റുള്ളവർക്ക് സമയനഷ്ടത്തിനിടയാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാഹനങ്ങൾ പാർക്ക് ചെയ്യുന്ന അവസരത്തിൽ ശ്രദ്ധ ചെലുത്താൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. പള്ളികൾക്കരികിൽ ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തുമെന്ന് ദുബായ് പോലീസ് അറിയിച്ചിട്ടുണ്ട്.