രാജ്യത്തെ പ്രവാസികളുടെ റെസിഡൻസി രേഖകൾ പുതുക്കുന്നതിലെ കാലതാമസവുമായി ബന്ധപ്പെട്ട പിഴ തുകകൾ 2022 സെപ്റ്റംബർ 1 വരെ ഒഴിവാക്കി നൽകിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. ഒമാൻ ഭരണാധികാരിയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് ROP തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും പിഴതുകകളിൽ ഈ ഇളവ് അനുവദിക്കുന്നത്.
2022 ഏപ്രിൽ 6 മുതൽ പ്രവാസികളുടെ റെസിഡൻസി രേഖകൾ, റെസിഡൻസി കാർഡ് മുതലായവ പുതുക്കുന്നതിലെ കാലതാമസവുമായി ബന്ധപ്പെട്ട പിഴ തുകകൾ വ്യക്തികളിൽ നിന്നും, തൊഴിലുടമകളിൽ നിന്നും ഈടാക്കുന്നതിൽ ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് ROP അറിയിച്ചു. ഈ ഇളവ് 2022 സെപ്റ്റംബർ 1 വരെ മാത്രമാണ് നൽകുന്നതെന്നും, ഇത്തരം രേഖകൾ പുതുക്കുന്നതിൽ വീഴ്ച്ച വരുത്തിയിട്ടുള്ളവർ സെപ്റ്റംബർ 1-ന് മുൻപായി രേഖകൾ പുതുക്കണമെന്നും ROP കൂട്ടിച്ചേർത്തു.
രാജ്യത്തെ പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിലും, പുതുക്കുന്നതിലും നേരിടുന്ന കാലതാമസവുമായി ബന്ധപ്പെട്ട പിഴ തുകകൾ 2022 സെപ്റ്റംബർ 1 വരെ നിർത്തിവെക്കാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം മാർച്ച് 20-ന് അറിയിച്ചിരുന്നു.