ഒമാൻ: അറബിക്കടലിലെ ന്യൂനമർദ്ദം കൊടുങ്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

GCC News

അറബിക്കടലിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദ്ദം കൊടുങ്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മന്റ് നൽകിയ അറിയിപ്പ് പ്രകാരമാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം 2023 ഒക്ടോബർ 20, വെള്ളിയാഴ്ച രാത്രി ഈ അറിയിപ്പ് പുറത്തിറക്കിയത്.

ഈ ഉഷ്ണമേഖലാ കൊടുങ്കാറ്റ് അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ ദിശയിലായിരിക്കും സ്ഥിതി ചെയ്യുന്നതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവിൽ ഈ ന്യൂനമർദ്ദം ഒമാൻ തീരത്തിന് 1010 കിലോമീറ്റർ അകലെയാണെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

ഈ ന്യൂനമർദ്ദം പടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ ദിശയിൽ ഒമാനിലെ ദോഫാർ ഗവർണറേറ്റ്, യെമനിലെ അൽ മഹരാ ഗവർണറേറ്റ് എന്നിവ ലക്ഷ്യമാക്കി നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനിടയിൽ ഇത് ഒരു ഉഷ്ണമേഖലാ ചുഴലിക്കാറ്റായി രൂപം പ്രാപിക്കാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

ഇതിന്റെ പ്രഭാവം 2023 ഒക്ടോബർ 22, ഞായറാഴ്ച ഉച്ചയോടെ ദോഫാർ, അൽ വുസ്ത എന്നീ ഗവർണറേറ്റുകളിൽ അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച അർദ്ധരാത്രിയ്ക്കും, ചൊവ്വാഴ്ച പുലർച്ചെയ്‌ക്കും ഇടയിൽ ഈ ചുഴലിക്കാറ്റ് ദോഫാർ ഗവർണറേറ്റ്, യെമനിലെ അൽ മഹരാ ഗവർണറേറ്റ് എന്നിവയ്ക്കിടയിലൂടെ കടന്ന് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിന്റെ ഭാഗമായി ദോഫാർ ഗവർണറേറ്റിൽ ഒക്ടോബർ 22, 23 തീയതികളിൽ 50 മുതൽ 200 മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്. ഇത് വാദികളിലും, താഴ്ന്ന പ്രദേശങ്ങളിലും വെള്ളത്തിന്റെ കുത്തൊഴുക്കിന് കാരണമാകാൻ ഇടയാക്കുമെന്നും, ഇതോടൊപ്പം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അൽ ഹജാർ മലനിരകളിൽ തിങ്കളാഴ്ച് മുതൽ വ്യാഴാഴ്ച വരെ ശക്തമായ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്.

Cover Image: Pixabay.