ഒമാൻ തൊഴിൽ മന്ത്രലയത്തിന്റെ തീരുമാനത്തെത്തുടർന്ന് രാജ്യത്ത് നിലവിൽ വന്നിട്ടുള്ള പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ സംബന്ധിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസന ചുമതലയുള്ള റിയാദ (ഒമാൻ അതോറിറ്റി ഓഫ് സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഡെവലപ്മെന്റ്) ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ ഈ തീരുമാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തത നൽകുന്നതിനായാണ് ഈ അറിയിപ്പ്.
ജൂൺ 11-ന് രാത്രിയാണ് അധികൃതർ ഈ അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ മുഴുവൻ ചെറുകിട, ഇടത്തരം സംരംഭങ്ങളിലും, വളരെ ചെറിയ സ്ഥാപനങ്ങളിലും (റിയാദയിൽ നിന്നുള്ള സംരംഭകത്വ കാർഡ് ഉള്ള സ്ഥാപനങ്ങൾക്കാണ് ഈ ഇളവ് ബാധകമാകുന്നത്) പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്നതിനുള്ള ഫീ താഴെ പറയുന്ന പ്രകാരമായിരിക്കും കണക്കാക്കുന്നത്:
- ഒന്ന് മുതൽ അഞ്ച് വരെ പ്രവാസി തൊഴിലാളികളെ എടുക്കുന്നതിന് 101 റിയാൽ.
- ആറ് മുതൽ പത്ത് പ്രവാസികളെ വരെ ഇത്തരം സ്ഥാപനങ്ങളിൽ നിയമിക്കുന്നതിന് 151 റിയാൽ. ഇത്തരം സാഹചര്യത്തിൽ നിർബന്ധമായും ഏറ്റവും ചുരുങ്ങിയത് ഒരു ഒമാനി പൗരനെ നിയമിക്കേണ്ടതാണ്.
- സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമുള്ള പദവികളിലേക്ക് തൊഴിലാളികളെ നിയമിക്കുന്നതിനായുള്ള ലൈസൻസിന് 1001 റിയാൽ. സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കിയ സ്ഥാപനങ്ങൾക്ക് ഈ നിരക്കിൽ 50 ശതമാനം ഇളവ് നൽകുന്നതാണ്. ഒരു ഒമാൻ പൗരനെയെങ്കിലും നിയമിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് ഫീസിൽ 25 ശതമാനം ഇളവ് അനുവദിക്കും.
പുതിയ ലൈസൻസുകൾ അനുവദിക്കുന്നതിനും, നിലവിലെ ലൈസൻസുകൾ പുതുക്കുന്നതിനും ഈ നിരക്കുകൾ ഇടാക്കുമെന്ന് റിയാദ വ്യക്തമാക്കി. റിയാദയിൽ നിന്നുള്ള സംരംഭകത്വ കാർഡ് ഉള്ള സ്ഥാപനങ്ങൾക്ക് മാത്രമാണ് ഈ തീരുമാനം ബാധകമാകുന്നത്.
2021 ജൂൺ 1 മുതൽ ഒമാനിൽ പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഉയർന്ന തസ്തികകളിലേക്കും, സാങ്കേതിക തൊഴിലുകളിലേക്കും പ്രവാസികളെ നിയമിക്കുന്നതിനുള്ള പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിനും, നിലവിലെ പെർമിറ്റുകൾ പുതുക്കുന്നതിനും ഈ പുതുക്കിയ ഫീ ജൂൺ 1 മുതൽ ഇടാക്കിത്തുടങ്ങിയിട്ടുണ്ട്.
സ്ഥാപനങ്ങളിലെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ, സി ഇ ഓ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ, എക്സിക്യൂട്ടീവ് ഡയറക്ടർ, കോളേജ് ഡീൻ, ലീഗൽ അഡ്വൈസർ, എഡിറ്റർ ഇൻ ചീഫ്, ഫിനാൻഷ്യൽ കൺസൾറ്റൻറ്, ടാക്സ് കൺസൾറ്റൻറ് തുടങ്ങി 30-ൽ പരം ഉയർന്ന തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് പുതുക്കിയ ഫീ ആയ 2001 റിയാൽ ഈടാക്കുന്നതാണ്. അറുപതിൽ പരം മിഡ് ലെവൽ തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് 1001 റിയാലും, 622 ടെക്‌നിക്കൽ തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് 601 റിയാലും വർക്ക് പെർമിറ്റ് ഫീ ആയി ഈടാക്കുന്നതാണ്.