ഒമാൻ ഭരണാധികാരി ഇന്ത്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ ഔദ്യോഗിക സന്ദർശനം നടത്തും

featured GCC News

ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഇന്ത്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് ഒമാൻ ദിവാൻ ഓഫ് റോയൽ കോർട്ട് അറിയിച്ചു. 2023 ഡിസംബർ 10-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

ഒമാൻ ഭരണാധികാരിയുടെ ഇരുരാജ്യങ്ങളിലേക്കുമുള്ള ഔദ്യോഗിക സന്ദർശനം 2023 ഡിസംബർ 13, ബുധനാഴ്ച്ച ആരംഭിക്കുന്നതാണ്. ഇരുരാജ്യങ്ങളുമായി ഒമാൻ നിലനിർത്തുന്ന ശക്തമായ ബന്ധങ്ങളുടെ പ്രതിഫലനമാണ് ഈ സന്ദർശനമെന്ന് ഒമാൻ ദിവാൻ ഓഫ് റോയൽ കോർട്ട് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

സന്ദർശനത്തിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തുന്നതാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ചും, ഇരുരാജ്യങ്ങൾക്കിടയിലുമുള്ള പരസ്പര സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്യും.