ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ, 2021 ഒക്ടോബർ 3, ഞായറാഴ്ച്ച മുതൽ രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ താത്‌കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അൽ വുസ്ത, ദോഫാർ എന്നീ ഗവർണറേറ്റുകൾ ഒഴികെ ഒമാനിലെ മറ്റെല്ലാ ഗവർണറേറ്റുകളിലെയും COVID-19 വാക്സിനേഷൻ നടപടികൾ ഒക്ടോബർ 3 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തിവെച്ചിട്ടുണ്ട്.
ഷഹീൻ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള സ്വാധീനം മസ്കറ്റ് ഉൾപ്പടെയുള്ള തീരപ്രദേശങ്ങളിൽ ഒക്ടോബർ 3 മുതൽ അനുഭവപ്പെട്ടു തുടങ്ങുമെന്ന ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മുന്നറിയിപ്പിനെത്തുടർന്നാണ് ഈ തീരുമാനം. അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ COVID-19 വാക്സിനേഷൻ നടപടികൾ സാധാരണ രീതിയിൽ തുടരുന്നതാണ്.
നോർത്ത് ശർഖിയ ഗവർണറേറ്റിലെ ഒക്ടോബർ 3, 4 തീയതികളിലെ വാക്സിനേഷൻ നടപടികളിൽ താഴെ പറയുന്ന രീതിയിൽ മാറ്റം വരുത്തിയതായി ആരോഗ്യ അധികൃതർ അറിയിച്ചിട്ടുണ്ട്:
- 2021 ഒക്ടോബർ 3-ന് വാക്സിനെടുക്കുന്നതിന് അറിയിപ്പ് ലഭിച്ചിട്ടുള്ളവർക്ക് ഒക്ടോബർ 7-ന് വാക്സിൻ നൽകുന്നതാണ്.
- 2021 ഒക്ടോബർ 4-ന് വാക്സിനെടുക്കുന്നതിന് അറിയിപ്പ് ലഭിച്ചിട്ടുള്ളവർക്ക് ഒക്ടോബർ 10-ന് വാക്സിൻ നൽകുന്നതാണ്.
ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് 2021 ഒക്ടോബർ 3, 4 തീയതികളിൽ പൊതു അവധിയായിരിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.