ലുസൈലിൽ പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിക്കുന്നവർക്ക് മാത്രമാണ് നിലവിൽ സേവനങ്ങൾ നൽകുന്നതെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്നതിന് മാത്രമാണ് നിലവിൽ ഈ കേന്ദ്രം ഉപയോഗിക്കുന്നതെന്നും, രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിക്കാനുള്ളവർക്കാണ് ഈ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്നും മന്ത്രാലയം വ്യക്തത നൽകി.
രാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ലുസൈലിൽ ഒരു ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം പ്രവർത്തനമാരംഭിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം മാർച്ച് 1-ന് അറിയിച്ചിരുന്നു. വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ, പരിശോധനകൾ, വാക്സിനേഷൻ, വാക്സിൻ എടുത്ത ശേഷമുള്ള നിരീക്ഷണം മുതലായ നടപടികൾ ഈ കേന്ദ്രത്തിൽ നിന്ന് പൂർത്തിയാക്കാവുന്നതാണെന്നാണ് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ നിലവിൽ മറ്റു കേന്ദ്രങ്ങളിൽ നിന്ന് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്നതിനായി മാത്രമാണ് ഈ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ഉപയോഗിക്കുന്നതെന്ന് മാർച്ച് 2-ന് പുറത്തിറക്കിയ പ്രത്യേക അറിയിപ്പിലൂടെ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടാം ഡോസ് കുത്തിവെപ്പിന് തീയ്യതി നിശ്ചയിക്കപ്പെട്ടിട്ടുള്ളവർക്ക്, പ്രത്യേക മുൻകൂർ അനുമതികൾ കൂടാതെ തന്നെ, നിശ്ചയിച്ച തീയ്യതിയിൽ ലുസൈലിലെ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്താവുന്നതാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ആദ്യ ഡോസ് കുത്തിവെപ്പ് സ്വീകരിക്കുന്ന മുറയ്ക്ക്, ഡ്രൈവ്-ത്രൂ കേന്ദ്രത്തിൽ വാക്സിൻ ലഭിക്കുന്നതിനുള്ള അനുമതികൾ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ നിശ്ചയിച്ച് നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ കേന്ദ്രത്തിലെത്തുന്ന സന്ദർശകർക്ക് തങ്ങളുടെ വാഹനങ്ങളിലിരുന്ന് കൊണ്ട് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ സാധിക്കുന്നതാണ്.
ലുസൈൽ മൾട്ടിപർപ്പസ് ഹാളിനു പുറകുവശത്തായാണ് ലുസൈലിലെ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ദിനവും രാവിലെ 11 മുതൽ രാത്രി 10 വരെയാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. ആദ്യം എത്തുന്നവർക്ക് ആദ്യം സേവനം നൽകുന്ന രീതിയിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നതെന്നും, രാത്രി 9 മണി വരെ എത്തുന്നവർക്കാണ് ഓരോ ദിനവും സേവനം നൽകുന്നതെന്നും മന്ത്രാലയം അറിയിച്ചു.