അബുദാബി: വിദേശത്ത് നിന്നെത്തുന്നവർക്ക് എയർപോർട്ടിൽ ഏർപ്പെടുത്തിയിട്ടുള്ള PCR പരിശോധന നിർബന്ധമല്ലെന്ന് അധികൃതർ

UAE

വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് വിമാനത്താവളത്തിൽ വെച്ച് നടത്തുന്ന PCR പരിശോധന നിർബന്ധമല്ലെന്ന് അബുദാബി ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ വ്യക്തമാക്കി. ഈ പരിശോധന ഐച്ഛികമല്ലെന്നും, ആവശ്യമുള്ള യാത്രികർക്ക് ഈ പരിശോധന സ്വയം തിരഞ്ഞെടുക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

എമിറേറ്റിലെ COVID-19 നിബന്ധനകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. വിദേശത്ത് നിന്നെത്തുന്നവർക്ക് ആവശ്യമെങ്കിൽ PCR ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം വിമാനത്താവളത്തിൽ നേരത്തെ നൽകിവന്നിരുന്ന അതേ ഇടങ്ങളിൽ നിന്ന് തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

അബുദാബിയിലെ വിവിധ വാണിജ്യ, വ്യവസായ, ടൂറിസം ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധമാക്കിയിട്ടുള്ള അൽ ഹൊസൻ ആപ്പിലെ ഗ്രീൻ പാസ് നിലനിർത്തുന്നതിന് ആവശ്യമായ PCR ടെസ്റ്റ് നടത്തുന്നതിന് യാത്രികർക്ക് ആവശ്യമെങ്കിൽ ഈ ടെസ്റ്റിംഗ് കേന്ദ്രത്തിന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ടെർമിനൽ ഒന്നിലും, ടെർമിനൽ മൂന്നിലും ഈ ടെസ്റ്റിംഗ് സേവനം ലഭ്യമാണ്.