വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരിൽ COVID-19 മരണ സാധ്യത കൂടുതലെന്ന് സൗദി ആരോഗ്യ മന്ത്രാലയം

Saudi Arabia

രാജ്യത്ത് കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചവരിൽ 50% പേർക്കും ഏറെനാളുകളായി അലട്ടിയിരുന്ന ആരോഗ്യ പ്രശ്നങ്ങളും, ഗുരുതര രോഗങ്ങളും ഉണ്ടായിരുന്നതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച്ച നടന്ന രാജ്യത്തെ COVID-19 അവലോകന പത്രസമ്മേളനത്തിലാണ് മന്ത്രാലയം ഈ വിലയിരുത്തൽ നടത്തിയത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരിൽ കൊറോണാ വൈറസ് ബാധ വരാനുള്ള സാധ്യത കൂടുതലാണെന്നും, ഇത്തരക്കാർക്ക് രോഗബാധയുണ്ടാകുമ്പോൾ സ്ഥിതി കൂടുതൽ സങ്കീർണ്ണമാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ മുഹമ്മദ് അൽ അബ്ദ് അൽ അലി വ്യക്തമാക്കി.

ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തലനുസരിച്ച് രാജ്യത്ത് COVID-19 ബാധിച്ച് ചികിത്സകൾക്കായി ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്ന 50% പേർക്കും വിട്ടുമാറാത്ത മറ്റു ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഇതിൽ തന്നെ 60% പേർക്ക് വെന്റിലേറ്ററിന്റെ സഹായം ആവശ്യമായി വരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ഗുരുതരാവസ്ഥയിലുള്ള കൊറോണാ വൈറസ് ബാധിതരിൽ 44 ശതമാനം പേരും 31-നും 60-നും മദ്ധ്യേ പ്രായമുള്ളവരാണ്. ഇവർക്കാവശ്യമായ എല്ലാ മെഡിക്കൽ സംവിധാനങ്ങളും ചികിത്സാ സൗകര്യങ്ങളും നിലവിൽ ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.