സൗദി അറേബ്യ: സാമൂഹിക ഒത്തുചേരലുകൾ ഉൾപ്പടെയുള്ള COVID-19 നിയന്ത്രണങ്ങൾ മറികടക്കുന്ന തൊഴിലാളികൾക്ക് മുന്നറിയിപ്പ്

Family & Lifestyle GCC News

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ മറികടക്കുന്ന തൊഴിലാളികൾക്ക് മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം. നിലവിലെ കൊറോണാ വൈറസ് വ്യപാനത്തിന്റെ സാഹചര്യത്തിൽ, ഒരുമിച്ച് താമസിക്കുന്നവരല്ലാത്ത അഞ്ചിലധികം തൊഴിലാളികൾ ഒത്തുകൂടുന്നത് നാടുകടത്തൽ വരെ ലഭിക്കാവുന്ന നിയമലംഘനമാണെന്ന് മന്ത്രാലയം ഓർമപ്പെടുത്തി. ഇത്തരം നിയമലംഘകർക്ക് പിഴയും, സങ്കീർണ്ണമായ നിയമ നടപടികളും നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.

ഒരുമിച്ച് താമസിക്കുന്നവരല്ലാത്ത അഞ്ചിലധികം പേർ വീടുകളിലും, പണിപൂർത്തിയാകാത്ത കെട്ടിടങ്ങളിലും, കൃഷിയിടങ്ങളിലും മറ്റും ഒത്തുചേരുന്നത് സൗദിയിൽ നിയമലംഘനമായി കണക്കാക്കുന്നതാണ്. ഇത്തരത്തിൽ നിയമ ലംഘനങ്ങൾക്ക് തൊഴിലാളികൾ പിടിക്കപ്പെട്ടാൽ, ആദ്യ തവണത്തെ ലംഘനങ്ങൾക്ക്, തൊഴിലുടമയ്ക്ക് 50000 റിയാൽ പിഴയും, നിയമം ലംഘിച്ച വ്യക്തിക്ക് 5000 റിയാൽ പിഴയും ചുമത്തും. വീണ്ടും ഇത്തരത്തിൽ നിയമലംഘനങ്ങൾ നടത്തിയാൽ സഥാപനങ്ങൾക്ക് 1 ലക്ഷം റിയാൽ പിഴയും, നിയമം ലംഘിച്ച വ്യക്തിക്ക് 10000 റിയാൽ പിഴയും ചുമത്തുന്നതാണ്. മൂന്നാമതും ഇത്തരം ലംഘനങ്ങൾക്ക് പിടിക്കപെടുന്നവർക്ക് ഇരട്ടി പിഴയും, ഇത്തരം തൊഴിലാളികളെ പബ്ലിക് പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയുന്നതുമാണ്.

ഇത്തരം നിയമലംഘനങ്ങൾ വീണ്ടും നടത്തുന്ന സ്ഥാപനങ്ങൾക്ക് മൂന്ന് മുതൽ ആറ് മാസം വരെ നടപടികളുടെ ഭാഗമായി അടച്ചിടേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി. രണ്ടാമതും നിയമലംഘനങ്ങൾക്ക് പിടിക്കപെടുന്നവർ പ്രവാസികളാണെങ്കിൽ അവരെ നാടുകടത്തുമെന്നും, ഇവർക്ക് സൗദിയിൽ തിരികെ പ്രവേശിക്കാൻ വിലക്ക് ഏർപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ COVID-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള വിവിധ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ചകൾ വരുത്തുന്നവർക്കെതിരെയും കർശനമായ നടപടികൾ ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മാസ്കുകൾ ധരിക്കാതിരിക്കുക, സമൂഹ അകലം പാലിക്കാതിരിക്കുക, വിവിധ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് മുൻപ് ശരീരോഷ്മാവ് പരിശോധിക്കുന്നതിന് സഹകരിക്കാതിരിക്കുക മുതലായ കാര്യങ്ങളിൽ വീഴ്ചകൾ വരുത്തുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തുന്നതാണ്. ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്കും നാടുകടത്തൽ ഉൾപ്പടെയുള്ള നടപടികൾ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.