രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ മൂന്നാം ഘട്ടം 2021 ജൂലൈ 9, വെള്ളിയാഴ്ച്ച മുതൽ നടപ്പിലാക്കാനുള്ള തീരുമാനത്തിന് ഖത്തർ ക്യാബിനറ്റ് അംഗീകാരം നൽകി. ഈ ഇളവുകൾ അനുവദിക്കുന്നതിന്റെ ആദ്യ ഘട്ടം 2021 മെയ് 28 മുതലും, രണ്ടാം ഘട്ടം ജൂൺ 18 മുതലും ഖത്തർ നടപ്പിലാക്കിയിരുന്നു.
ഖത്തർ പ്രധാന മന്ത്രി H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ താനിയുടെ നേതൃത്വത്തിൽ ജൂലൈ 7-ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇളവുകളുടെ മൂന്നാം ഘട്ടം ജൂലൈ 9 മുതൽ നടപ്പിലാക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയത്. ഇതിന്റെ ഭാഗമായി, ജൂലൈ 9 മുതൽ കുട്ടികൾക്ക് സിനിമാശാലകളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനും, മാളുകൾ, ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ പ്രവേശനം അനുവദിക്കുന്നവരുടെ എണ്ണം ഉയർത്തുന്നതിനും, വിവാഹമുൾപ്പടെയുള്ള ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം ഉയർത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
2021 ജൂലൈ 9 മുതൽ COVID-19 നിയന്ത്രണങ്ങളിൽ താഴെ പറയുന്ന ഇളവുകളാണ് ഖത്തറിൽ നടപ്പിലാക്കുന്നത്:
പൊതുവായ നിർദേശങ്ങൾ, സാമൂഹിക ഒത്ത്ചേരലുകൾക്കുള്ള ഇളവുകൾ എന്നിവ:
- വീടിനു പുറത്തിറങ്ങുന്ന മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്. വാഹനങ്ങളിൽ തനിയെ യാത്ര ചെയ്യുന്ന അവസരത്തിലും, ഒരേ കുടുംബങ്ങളിൽ നിന്നുള്ളവർ മാത്രമായി വാഹനത്തിൽ യാത്ര ചെയ്യുന്ന അവസരത്തിലും മാത്രമാണ് മാസ്ക് ഉപയോഗിക്കുന്നതിന് ഇളവ് നൽകിയിട്ടുള്ളത്.
- വീടിനു പുറത്തിറങ്ങുന്ന മുഴുവൻ പൗരന്മാരും, പ്രവാസികളും തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ നിർബന്ധമായും ‘EHTERAZ’ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതും, ഈ ആപ്പ് പ്രയോഗക്ഷമമാക്കേണ്ടതുമാണ്.
- രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ള പരമാവധി 15 പേർക്ക് ഇൻഡോർ ഇടങ്ങളിൽ ഒത്ത്ചേരാം. രണ്ട് ഡോസ് കുത്തിവെപ്പ് സ്വീകരിക്കാത്തവർ ഈ ഒത്ത് ചേരലുകളിൽ പങ്കെടുക്കുന്ന സാഹചര്യത്തിൽ പരമാവധി 5 പേർക്കാണ് ഇൻഡോറിൽ അനുമതി.
- രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ള പരമാവധി 30 പേർക്ക് ഔട്ട്ഡോറിൽ ഒത്ത്ചേരാം. വാക്സിൻ സ്വീകരിക്കാത്തവരും, രണ്ട് ഡോസ് പൂർത്തിയാകാത്തവരുമായ പരമാവധി 10 പേർക്കാണ് ഔട്ട്ഡോറിൽ ഒത്ത്ചേരാൻ അനുമതി.
- പള്ളികളിൽ ദിവസ പ്രാർത്ഥനകളും, വെള്ളിയാഴ്ച്ച പ്രാർത്ഥനകളും തുടരും. 7 വയസിന് താഴെയുളള കുട്ടികളെ പള്ളികളിൽ പ്രവേശിപ്പിക്കില്ല. പള്ളികളിലെ ശുചിമുറികൾ തുറക്കില്ല.
- വിവാഹ ചടങ്ങുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഹോട്ടലുകൾ, ഹാളുകൾ തുടങ്ങിയ ഇടങ്ങളിൽ പരമാവധി 80 പേർക്ക് ഈ ചടങ്ങിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന 75 ശതമാനം പേർ വാക്സിനെടുത്തവരായിരിക്കണം.
- ഒരേ കുടുംബങ്ങളിൽ നിന്നുള്ള പരമാവധി 15 പേരടങ്ങുന്ന സംഘങ്ങൾക്ക് പാർക്ക്, ബീച്ച്, കോർണിഷ് എന്നിവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കും. കളിയിടങ്ങൾ, പാർക്കുകളിലെ സ്പോർട്സ് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കാൻ അനുമതി നൽകും.
തൊഴിൽ മേഖലയിലെ ഇളവുകൾ:
- സർക്കാർ മേഖലയിലെ തൊഴിലിടങ്ങളിൽ പരമാവധി 80 ശതമാനം ജീവനക്കാർക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നത് തുടരും.
- സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ പരമാവധി 80 ശതമാനം ജീവനക്കാർക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നത് തുടരും.
- സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളിൽ ബിസിനസ് മീറ്റിംഗുകളിൽ, വാക്സിൻ സ്വീകരിച്ചിട്ടുള്ള, പരമാവധി 15 പേർക്ക് വരെ പങ്കെടുക്കാമെന്ന തീരുമാനം തുടരും. ഇതിൽ കൂടുതൽ പേർ പങ്കെടുക്കേണ്ടതായ മീറ്റിംഗുകൾക്ക് ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തേണ്ടതാണ്.
- സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും മുഴുവൻ ജീവനക്കാർക്കും ആഴ്ച്ച തോറും റാപിഡ് ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുള്ളത് തുടരും. COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും പൂർത്തിയാക്കിയവർ, രോഗമുക്തി നേടിയവർ, ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കാൻ സാധിക്കാത്തവർ (ഇത് തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ റിപ്പോർട്ട് നിർബന്ധം) എന്നീ വിഭാഗങ്ങൾക്ക് ഈ പരിശോധന ഒഴിവാക്കിയിട്ടുണ്ട്.
- തൊഴിലിടങ്ങളിലെ പ്രവർത്തനസമയങ്ങളിൽ പരമാവധി 80% ശേഷിയിൽ ശുചീകരണ സേവനങ്ങൾ നൽകാം. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ തൊഴിലാളികൾക്കാണ് ഈ അനുമതി.
വാണിജ്യ, വിനോദ മേഖലകളിലെ ഇളവുകൾ:
- പരമ്പരാഗത മാർക്കറ്റുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. എല്ലാ പ്രായത്തിലുള്ളവർക്കും പ്രവേശനം അനുവദിക്കും.
- മൊത്തവ്യാപാര മാർക്കറ്റുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. എല്ലാ പ്രായത്തിലുള്ളവർക്കും പ്രവേശനം അനുവദിക്കും.
- പരമാവധി ശേഷിയുടെ 30 ശതമാനത്തിൽ പ്രവർത്തിക്കുന്നതിന് സിനിമാശാലകൾക്കും, തീയറ്ററുകൾക്കും അനുമതി നൽകിയിട്ടുള്ളത് തുടരും. സന്ദർശകരിൽ 75 ശതമാനം പേർ വാക്സിൻ സ്വീകരിച്ചിരിക്കണം. കുട്ടികൾക്ക് പ്രവേശനം അനുവദിക്കും. ഇവരെ വാക്സിനെടുക്കാത്ത 25 ശതമാനത്തിൽ ഉൾപ്പെടുത്തുന്നതാണ്.
- ഏതാനം കോൺഫറൻസുകൾ, എക്സിബിഷനുകൾ മുതലായവയ്ക്ക് അനുമതി നൽകുന്നത് തുടരും. പരമാവധി 30 ശതമാനം ശേഷിയിലാണ് ഇവ അനുവദിക്കുക.
- ഷോപ്പിംഗ് മാളുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാമെന്നത് തുടരും. ഇവയിലെ ഫുഡ് കോർട്ടുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം.എല്ലാ പ്രായത്തിലുള്ളവർക്കും മാളുകളിൽ പ്രവേശനം അനുവദിക്കും.
- ‘ക്ലീൻ ഖത്തർ’ പദ്ധതിയുടെ കീഴിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള ഭക്ഷണശാലകളിൽ ഇൻഡോർ ഡൈനിങ്ങ് സേവനങ്ങൾ നൽകുന്നതിന് അനുമതി. ഇത്തരം സ്ഥാപനങ്ങൾക്ക് തുറന്ന ഇടങ്ങളിൽ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് മാത്രമാണ് ഈ സേവനം നൽകുന്നത്.
- മറ്റു ഭക്ഷണശാലകളിൽ 15 ശതമാനം ശേഷിയിൽ ഇൻഡോർ ഡൈനിങ്ങ് സേവനങ്ങൾക്ക് അനുമതി. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് മാത്രമാണ് ഈ സേവനം നൽകുന്നത്.
- ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ എന്നിവിടങ്ങളിൽ നിന്ന്, വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി, 50 ശതമാനം ശേഷിയിൽ സേവനങ്ങൾ നൽകാവുന്നതാണ്. മുഴുവൻ ജീവനക്കാരും, ഉപഭോക്താക്കളും വാക്സിൻ സ്വീകരിച്ചിരിക്കണം.
- തീം പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഔട്ട്ഡോർ മേഖലകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ഇൻഡോർ ഇടങ്ങളിൽ, വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി, 30 ശതമാനം ശേഷിയിൽ പ്രവേശനം അനുവദിക്കാം. ഇതിൽ 75 ശതമാനം സന്ദർശകർ വാക്സിനെടുത്തവരായിരിക്കണം. കുട്ടികൾക്ക് പ്രവേശനം അനുവദിക്കും. ഇവരെ വാക്സിനെടുക്കാത്ത 25 ശതമാനത്തിൽ ഉൾപ്പെടുത്തുന്നതാണ്.
- സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്ക് 100 ശതമാനം ശേഷിയിൽ പ്രവർത്തനങ്ങൾ അനുവദിക്കുന്നതാണ്. എല്ലാ ജീവനക്കാർക്കും വാക്സിൻ നിർബന്ധമാണ്.
- പ്രാദേശികവും, അന്താരാഷ്ട്ര തലത്തിലുള്ളതുമായ കായിക മത്സരങ്ങൾ 50 ശതമാനം കാണികളെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിക്കാൻ അനുമതി. കാണികളിൽ 75% പേർ വാക്സിൻ സ്വീകരിച്ചവരായിരിക്കണം.
- ഹെൽത്ത് ക്ലബ്, ജിം, ഫിറ്റ്നസ് ക്ലബ്, സ്പാ തുടങ്ങിയ സേവനങ്ങൾ നൽകുന്ന ഇടങ്ങളിൽ നിന്ന്, വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി, 50 ശതമാനം ശേഷിയിൽ സേവനങ്ങൾ നൽകാം. മുഴുവൻ ജീവനക്കാരും വാക്സിൻ സ്വീകരിച്ചിരിക്കണം.
- ഔട്ട്ഡോർ സിമിങ്ങ് പൂളുകൾ, വാട്ടർ പാർക്ക് എന്നിവ 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ഇൻഡോർ സിമിങ്ങ് പൂളുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. 75 ശതമാനം സന്ദർശകർ വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം. കുട്ടികൾക്ക് പ്രവേശനം അനുവദിക്കും. ഇവരെ വാക്സിനെടുക്കാത്ത 25 ശതമാനത്തിൽ ഉൾപ്പെടുത്തുന്നതാണ്.
പൊതുഗതാഗത മേഖലയിലെ ഇളവുകൾ:
- മെട്രോ, മറ്റു പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ 50 ശതമാനം ശേഷിയിൽ തുടരും.
- ബസുകളിൽ പരമാവധി ശേഷിയുടെ 30 ശതമാനം പേർക്ക് അനുമതി.
- ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവർത്തനശേഷി 50 ശതമാനത്തിലേക്ക് ഉയർത്തും. ജീവനക്കാർക്ക് വാക്സിനേഷൻ നിർബന്ധമാണ്.
- സ്വകാര്യ ബോട്ടുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. വിനോദ സഞ്ചാരത്തിനുള്ള ബോട്ടുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. പരമാവധി 20 പേർക്കാണ് ഇത്തരത്തിൽ അനുമതി. ഇതിൽ വാക്സിൻ സ്വീകരിക്കാത്ത പരമാവധി 3 പേർക്ക് വരെ സഞ്ചരിക്കാം. ഇത്തരം സേവനങ്ങൾ നൽകുന്ന മുഴുവൻ ജീവനക്കാർക്കും വാക്സിനേഷൻ നിർബന്ധമാണ്.
വിദ്യാഭ്യാസ മേഖലയിലെ ഇളവുകൾ:
- ട്രെയിനിങ്ങ് കേന്ദ്രങ്ങൾ, സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവ 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാവുന്നതാണ്. അധ്യാപകർക്ക് വാക്സിനേഷൻ നിർബന്ധമാണ്. സന്ദർശകരുടെ 75 ശതമാനം പേർക്ക് വാക്സിൻ നിർബന്ധമാണ്.
- സമ്മിശ്ര പഠനരീതിയുടെ ശേഷി 50 ശതമാനത്തിലേക്ക് ഉയർത്തും.