ഖത്തർ: മാർച്ച് 28 മുതൽ അൽ വഖ്‌റയിൽ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നു

GCC News

സന്ദർശകർക്ക് തങ്ങളുടെ വാഹനങ്ങളിലിരുന്ന് കൊണ്ട് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ സാധിക്കുന്ന ഒരു ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം മാർച്ച് 28 മുതൽ അൽ വഖ്‌റയിൽ പ്രവർത്തനമാരംഭിക്കുന്നതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അൽ വഖ്‌റയിലെ അൽ ജനൗബ് സ്റ്റേഡിയത്തിന് പുറകിലായാണ് ഈ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിക്കുന്നത്.

മാർച്ച് 27-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. രാജ്യത്ത് ഇത്തരത്തിൽ ആരംഭിക്കുന്ന രണ്ടാമത്തെ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രമാണ് അൽ വഖ്‌റയിലേത്. രാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തർ ആരോഗ്യ മന്ത്രാലയം മാർച്ച് ആദ്യ വാരം മുതൽ ലുസൈലിൽ ഒരു ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചിരുന്നു.

Image Source: Qatar MOPH.

അൽ വഖ്‌റയിലെ കേന്ദ്രം ആഴ്ച്ചയിൽ ഏഴ് ദിവസവും പ്രവർത്തിക്കുന്നതാണ്. ദിനവും രാവിലെ 11 മുതൽ രാത്രി 10 മണി വരെയാണ് ഈ കേന്ദ്രത്തിൽ നിന്ന് കുത്തിവെപ്പ് നൽകുന്നത്. മറ്റു കേന്ദ്രങ്ങളിൽ നിന്ന് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്ന സേവനങ്ങളാണ് ലുസൈലിൽ പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രത്തിലേത് പോലെ അൽ വഖ്‌റയിലെ കേന്ദ്രത്തിൽ നിന്നും ആരോഗ്യ മന്ത്രാലയം നൽകുന്നത്.

വ്യക്തികൾക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് തീയ്യതി സംബന്ധിച്ച അറിയിപ്പ് ആദ്യ ഡോസ് സ്വീകരിക്കുന്ന അവസരത്തിൽ മന്ത്രലയത്തിൽ നിന്ന് ലഭിക്കുന്നതാണ്. മറ്റു കേന്ദ്രങ്ങളിൽ നിന്ന് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മുൻ‌കൂർ ബുക്കിംഗ് കൂടാതെ ഈ തീയ്യതിയിൽ അൽ വഖ്‌റയിലെ കേന്ദ്രത്തിലെത്തി രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാവുന്നതാണ്. ആദ്യ ഡോസ് ഫൈസർ വാക്സിൻ സ്വീകരിച്ചവർക്ക് 21 ദിവസങ്ങൾക്ക് ശേഷവും, ആദ്യ ഡോസ് മോഡേണ വാക്സിൻ സ്വീകരിച്ചവർക്ക് 28 ദിവസങ്ങൾക്ക് ശേഷവുമാണ് രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പ് നൽകുന്നത്.

ആദ്യം എത്തുന്നവർക്ക് ആദ്യം സേവനം നൽകുന്ന രീതിയിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. ഈ കേന്ദ്രത്തിലെത്തുന്നവർ നിർബന്ധമായും മാസ്കുകൾ ധരിക്കേണ്ടതാണ്. ഒരു വാഹനത്തിൽ പരമാവധി 4 പേർക്ക് ഇത്തരത്തിൽ ഈ കേന്ദ്രത്തിലെത്താവുന്നതാണ്.